ദേശീയ മ്യൂസിയത്തിന്റെ ഭക്ഷ്യ പ്രദര്‍ശനത്തില്‍ നിന്ന് നോണ്‍ വെജ് ഒഴിവാക്കി

നിരവധി ദേവീദേവന്‍മാരുടെ വിഗ്രഹങ്ങള്‍ മ്യൂസിയത്തില്‍ നിറഞ്ഞിരിക്കുകയാണ്. അതിനാല്‍ തന്നെ ഇവിടെ സന്ദര്‍ശിക്കുന്നവരുടെ വികാരം ഞങ്ങള്‍ ബഹുമാനിക്കണം.

Update: 2020-02-20 12:30 GMT

ന്യൂഡല്‍ഹി: ദേശീയ മ്യൂസിയത്തിന്റെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഭക്ഷ്യപ്രദര്‍ശനത്തിന്റെ മെനുവില്‍ നിന്ന് നോണ്‍ വെജ് ഭക്ഷണങ്ങളെ ഒഴിവാക്കി. ഇന്ത്യയുടെ പാചക ചരിത്രമായ ഹിസ്‌റ്റോറിക്കല്‍ ഗ്യാസ്‌ട്രോണോമിക്കയെക്കുറിച്ചുള്ള പരിപാടിയില്‍ നിന്നാണ് സസ്യേതര ഭക്ഷണങ്ങളെ പൂര്‍ണമായും ഒഴിവാക്കിയത്. ചിലരുടെ വികാരങ്ങള്‍ മാനിച്ചാണ് അലിഖിത നയം നടപ്പാക്കിയതെന്നാണ് മ്യൂസിയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. മ്യൂസിയം വെബ്‌സൈറ്റില്‍ നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മെനു ഉള്‍പ്പെടുത്തിയ ശേഷമാണ് സംഘാടകര്‍ ഒഴിവാക്കിയത്. ഫെബ്രുവരി 25 വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ നല്‍കൂവെന്നാണ് തീരുമാനം.

    ദേശീയ മ്യൂസിയം, സാംസ്‌കാരിക മന്ത്രാലയം, സ്വകാര്യ സ്ഥാപനമായ വണ്‍ സ്‌റ്റേഷന്‍ മില്യണ്‍ സ്‌റ്റോറീസ്(ഒഎസ്എംഎസ്) എന്നിവ സംയുക്തമായാണ് ഭക്ഷ്യ പരിപാടി സംഘടിപ്പിക്കുന്നത്. മ്യൂസിയം അധികൃതരുമായി വിശദമായി ചര്‍ച്ച ചെയ്യാതെയാണ് ഒഎസ്എംഎസ് മെനുവില്‍ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നാണ് മ്യൂസിയം അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ സുബ്രത നാഥ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 'അവര്‍ക്ക് (ഒഎസ്എംഎസ്) അംഗീകാരം ലഭിച്ചെങ്കിലും മെനുവിലെ നോണ്‍ വെജിറ്റേറിയന്‍ ഭാഗത്തെ കുറിച്ച് ഞങ്ങളുമായി ചര്‍ച്ച ചെയ്തില്ല. സ്ഥാപനത്തിന്റെ നയം അനുസരിച്ച് ഞങ്ങള്‍ ഇവിടെ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പുന്നില്ലെന്ന് അവര്‍ക്ക് അറിയാമെന്നാണ് ഞങ്ങള്‍ കരുതിയത്. 10 ദിവസം മുമ്പ് ഇവിടെ ഒരു ഗുരു നാനാക്ക് ഉല്‍സവം ഉണ്ടായിരുന്നു. അതില്‍ ഒരിക്കലും ഇത്തരം വിവാദമുണ്ടായിരുന്നില്ല. നോണ്‍വെജ് ഭക്ഷ്യവസ്തുക്കള്‍ ഒരു ദിവസം വെബ്‌സൈറ്റിലുണ്ടായിരുന്നു. പ്രശ്‌നം മനസ്സിലായ ഉടന്‍ ഞങ്ങള്‍ അത് പിന്‍വലിച്ചെന്നും നാഥ് പറഞ്ഞു.

    അതേസമയം, നോണ്‍ വെജ് വിഭവങ്ങള്‍ വിളമ്പരുത് എന്ന നയം രേഖാമൂലമുള്ളതല്ലെന്നും വൈകാരികമാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി ദേവീദേവന്‍മാരുടെ വിഗ്രഹങ്ങള്‍ മ്യൂസിയത്തില്‍ നിറഞ്ഞിരിക്കുകയാണ്. അതിനാല്‍ തന്നെ ഇവിടെ സന്ദര്‍ശിക്കുന്നവരുടെ വികാരം ഞങ്ങള്‍ ബഹുമാനിക്കണം. ഞങ്ങള്‍ക്ക് ഇവിടെ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പാന്‍ കഴിയില്ല. സന്ദര്‍ശകരുടെ വികാരം മനസ്സിലാക്കിയുള്ള അലിഖിത നയമാണിതെന്ന് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ കൂടുതലുള്ള പുരാതന ഇന്ത്യയുടെ പാചക ചരിത്രത്തില്‍ നിന്നുള്ള വ്യതിചലനമല്ലേ ഇതെന്ന ചോദ്യത്തിന് സന്ദര്‍ശകര്‍ക്ക് ഭക്ഷണം വിളമ്പുക മാത്രമല്ല, അവയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പുന്നില്ല. എന്നാല്‍ പുരാതന ഇന്ത്യയുടെ ചരിത്രപരമായ ഭക്ഷണരീതികളെക്കുറിച്ച് ഞങ്ങള്‍ സന്ദര്‍ശകര്‍ക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്. അതിനാല്‍ പുരാതന കാലത്ത് ഭക്ഷണത്തിന്റെ യഥാര്‍ത്ഥ ചിത്രം ഞങ്ങള്‍ നല്‍കുന്നില്ലെന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം ന്യായീകരിച്ചു.

    മഞ്ഞള്‍ പായസത്തിലെ മല്‍സ്യം, സാല്‍ ഇലയില്‍ വറുത്ത കാട/നാടന്‍ കോഴി, ഓഫല്‍ പോട്ട്, ഡ്രൈ ഫിഷിനൊപ്പമുള്ള ബാട്ടി, മാംസത്തിന്റെ കൊഴുപ്പടങ്ങിയ സൂപ്പ്, ആട്ടിന്‍ കരളടങ്ങയി ചിക് കടല, വറുത്ത മീന്‍, മഹുവ ഓയിലില്‍ ചട്‌നി എന്നിവയാണ് ഒഴിവാക്കിയ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍.



Tags:    

Similar News