മതസ്ഥാപനങ്ങളില്‍ പീഡന വിരുദ്ധ സമിതി: ഹര്‍ജി തള്ളി സുപ്രിംകോടതി

മത സ്ഥാപനങ്ങള്‍ക്ക് വിശാഖ കേസ് നിര്‍ദേശങ്ങള്‍ ബാധകമാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് തള്ളിയത്. അഭിഭാഷകനായ മനീഷ് പഠക് സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്.

Update: 2019-07-22 09:12 GMT

ന്യൂഡല്‍ഹി: തൊഴിലിടങ്ങളിലെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് സമിതി വേണമെന്ന വിശാഖ കേസ് വിധിയിലെ നിര്‍ദേശം മതസ്ഥാപനങ്ങള്‍ക്കു കൂടി ബാധകമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളി. മത സ്ഥാപനങ്ങള്‍ക്ക് വിശാഖ കേസ് നിര്‍ദേശങ്ങള്‍ ബാധകമാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് തള്ളിയത്. അഭിഭാഷകനായ മനീഷ് പഠക് സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. മതസ്ഥാപനങ്ങളും തൊഴിലിടങ്ങളാണെന്നും ഒട്ടേറെ സ്ത്രീകള്‍ ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

നിരന്തരമായി ഇത്തരം സ്ഥാപനങ്ങളില്‍നിന്നു ലൈംഗിക പീഡന പരാതികള്‍ ഉയരുന്നുണ്ട്. അതുകൊണ്ട് വിശാഖ കേസിലെ നിര്‍ദേശങ്ങള്‍ ആശ്രമങ്ങള്‍ക്കും മദ്‌റസകള്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. വിശാഖ കേസില്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ മത സ്ഥാപനങ്ങള്‍ക്കു ബാധകമാക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ഹരജിക്കാര്‍ക്കു ക്രിമിനല്‍ പരാതി നല്‍കാവുന്നതാണെന്ന് കോടതി നിര്‍ദേശിച്ചു. 1997ലാണ്, തൊഴില്‍ സ്ഥലത്തെ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.

വിശാഖ കേസില്‍ പരമോന്നത കോടതി ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്നതിന് തൊഴിലുടമകള്‍ പാലിക്കേണ്ട 12 മാര്‍ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിരുന്നത്.

Tags:    

Similar News