വിടാതെ പിന്തുടര്‍ന്ന് ഇഡി; നീതിക്കായി പോരാടുമെന്ന് ഡികെ ശിവകുമാര്‍

അടുത്ത ദിവസം ഉച്ചയ്ക്ക 12 മണിയോടെ ഡല്‍ഹിയിലെത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി ഇഡിയുടെ സമന്‍സ് ലഭിച്ചെന്നും കൃത്യസമയത്ത് അവിടെ എത്തിച്ചേരുകയെന്നത് വളരെ ബുദ്ധിമുട്ടായിട്ടും സാമാജികനായതിനാല്‍ സമന്‍സ് പ്രകാരം താന്‍ ഇഡി ഓഫിസിലെത്തി മൊഴി നല്‍കിയെന്നും ശിവകുമാര്‍ പറഞ്ഞു.

Update: 2019-10-27 05:27 GMT

ബെഗളുരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമന്‍സ്. ഇന്നലെ പാര്‍ട്ടി നേതാക്കളുമൊത്ത് ബെംഗളൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡി കെ ശിവകുമാര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്ത ദിവസം ഉച്ചയ്ക്ക 12 മണിയോടെ ഡല്‍ഹിയിലെത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി ഇഡിയുടെ സമന്‍സ് ലഭിച്ചെന്നും കൃത്യസമയത്ത് അവിടെ എത്തിച്ചേരുകയെന്നത് വളരെ ബുദ്ധിമുട്ടായിട്ടും സാമാജികനായതിനാല്‍ സമന്‍സ് പ്രകാരം താന്‍ ഇഡി ഓഫിസിലെത്തി മൊഴി നല്‍കിയെന്നും ശിവകുമാര്‍ പറഞ്ഞു.

അവര്‍ (ബിജെപി) തന്നെ ശക്തനാക്കി. ദുര്‍ബലപ്പെടുത്തുന്നതിനോ കീഴടങ്ങുന്നതിനോക്കുറിച്ച് സംസാരമില്ലെന്നും താന്‍ നീതിക്കായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സെപ്റ്റംബര്‍ മൂന്നിനാണ് ശിവകുമാറിനെ ഇഡി അറസ്റ്റ് ചെയ്തത്. ഈ മാസം 23നാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.

അതേസമയം, വിവിധ ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ എതിരാളികളെ വേട്ടയാടുകയാണെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് ദിനേശ് ഗുണ്ടു റാവു ആരോപിച്ചു. കര്‍ണാടകയിലെ സഖ്യ സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ ബിജെപി ലക്ഷ്യമിട്ടെന്നും അദ്ദേഹം ആരോപിച്ചു.

Tags: