കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബിജെപി എംഎല്‍എയുടെ ആഡംബര വിവാഹം

വിവാഹത്തിന്റെ വൈറല്‍ വീഡിയോകളില്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആളുകളുമായി സംവദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Update: 2020-12-22 04:47 GMT

പൂനെ: കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി മഹാരാഷ്ട്രയില്‍ ബിജെപി എംഎല്‍എയുടെ ആഡംബര വിവാഹം. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും നൂറുകണക്കിന് പേരാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ ഭൂരിപക്ഷം പേരും മാസ്‌ക് ധരിക്കാന്‍ തയ്യാറായില്ലെന്ന് പുറത്തു വന്ന വീഡിയോ ദൃശ്യങ്ങള്‍ തെളിയിക്കുന്നു

വിവാഹത്തിന്റെ വൈറല്‍ വീഡിയോകളില്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആളുകളുമായി സംവദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സോളാപൂര്‍ ജില്ലയിലെ മാല്‍ഷിറാസ് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ രാം സത്പുട്ടിന്റെ വിവാഹച്ചടങ്ങുകളാണ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സംഘടിപ്പിച്ചത്. ഞായറാഴ്ച പൂനെയിലെ എരന്ദ്‌വാനെ പ്രദേശത്തായിരുന്നു വിവാഹച്ചടങ്ങ്.വിവാഹത്തില്‍ സാമൂഹിക അകലം പാലിച്ചിട്ടില്ലെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ അണ്‍ലോക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 50 പേര്‍ക്ക് വരെ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്. എന്നാല്‍, നൂറുകണക്കിന് പേരാണ് ഇവിടെ ചടങ്ങില്‍ പങ്കാളികളായത്. മാത്രമല്ല, ഇവരില്‍ ഭൂരിപക്ഷം പേരും മാസ്‌ക് ധരിക്കാത്തവരായിരുന്നു. അതേസമയം, വിവാഹത്തിന് വലിയ ജനക്കൂട്ടം ഇല്ലായിരുന്നുവെന്നാണ് വിവാഹ വേദി നില്‍ക്കുന്ന പ്രദേശത്തിന്റെ ചുമതലയുള്ള അലങ്കര്‍ പോലീസ് സ്‌റ്റേഷനിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ സഞ്ജിവന്‍ ജഗദാലെ അവകാശപ്പെട്ടത്. സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News