സംവരണം മൗലികാവകാശമല്ല, സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങളോട് ഉത്തരവിടാന്‍ കോടതികള്‍ക്ക് കഴിയില്ലെന്നും സുപ്രിം കോടതി

ജോലികള്‍ക്കും സ്ഥാനകയറ്റത്തിനും സംവരണത്തിനോ നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ വിവേചനാധികാര പരിധിയില്‍ വരുന്നതാണെന്നും അതിനായി നിര്‍ബന്ധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി .

Update: 2020-02-09 04:25 GMT

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലികള്‍ക്കും സ്ഥാനകയറ്റത്തിനും സംവരണം മൗലിക അവകാശമല്ലെന്നും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിടാന്‍ കോടതികള്‍ക്ക് കഴിയില്ലെന്നും സുപ്രിം കോടതി വിധിച്ചു. ജോലികള്‍ക്കും സ്ഥാനകയറ്റത്തിനും സംവരണത്തിനോ നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ വിവേചനാധികാര പരിധിയില്‍ വരുന്നതാണെന്നും അതിനായി നിര്‍ബന്ധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി .

പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ ജോലി സംവരണം സംബന്ധിച്ച കേസിലാണ് സുപ്രിംകോടതിയുടെ വിധി. സംവരണം നല്‍കണോ വേണ്ടയോ എന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാതെ സര്‍ക്കാര്‍ ഒഴിവുകള്‍ നികത്താന്‍ 2012 ല്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു .

ആ തീരുമാനത്തിനെതിരേയുള്ള ഉത്തരാഖണ്ഡ് കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് തീരുമാനം. ഭരണഘടനയുടെ 16 (4), 16 (4 എ) അനുഛേദങ്ങള്‍ പ്രകാരം സംവരണം നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എല്‍ നാഗേശ്വര്‍ റാവു, ഹേമന്ത് ഗുപ്ത എന്നിവരുടേതാണ് വിധി. സംവരണം നല്‍കാന്‍ ആഗ്രഹിക്കുമ്പോള്‍ സര്‍ക്കാര്‍ സേവനങ്ങളില്‍ പട്ടികജാതി-വര്‍ഗ്ഗക്കാരുടെ പ്രാതിനിധ്യത്തിന്റെ അപര്യാപ്തത സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു.

സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയില്ല. സ്ഥാനക്കയറ്റത്തിന് സംവരണം അവകാശപ്പെടാന്‍ വ്യക്തിക്ക് മൗലികാവകാശമില്ല.-കോടതി വ്യക്തമാക്കി.

Tags:    

Similar News