കൊവിഡ് ചികില്‍സക്ക് പ്ലാസ്മ തെറാപ്പി അംഗീകൃത ചികിത്സാരീതിയായി തെളിയിക്കപ്പെട്ടിട്ടില്ല; ഇപ്പോള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്നും കേന്ദ്രം

ഡല്‍ഹിയില്‍ പ്ലാസ്മ തെറാപ്പിയെ തുടര്‍ന്ന് ഒന്നിലധികം കോവിഡ് ബാധിതര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കൊവിഡ് ചികിത്സയ്ക്ക് ഇത് ഫലപ്രദമാണ് എന്ന തരത്തില്‍ പ്രചാരണം ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

Update: 2020-04-28 13:33 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 ചികിത്സക്ക് പ്ലാസ്മ തെറാപ്പി അംഗീകൃത ചികിത്സാരീതിയായി ഉപയോഗിക്കാമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പ്ലാസ്മ തെറാപ്പി കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമാണോ എന്ന് തെളിയിക്കുന്നതിനുളള പരീക്ഷണം നടന്നുവരികയാണ്. ഐസിഎംആറിന്റെ മേല്‍നോട്ടത്തിലാണ് പരീക്ഷണം നടക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ പ്ലാസ്മ തെറാപ്പിയെ തുടര്‍ന്ന് ഒന്നിലധികം കോവിഡ് ബാധിതര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കൊവിഡ് ചികിത്സയ്ക്ക് ഇത് ഫലപ്രദമാണ് എന്ന തരത്തില്‍ പ്രചാരണം ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

പ്ലാസ്മ തെറാപ്പി പരീക്ഷണ ഘട്ടത്തിലാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഇതുസംബന്ധിച്ച് പഠനം നടത്തിവരികയാണ്. ഇതുവരെ പ്ലാസ്മ തെറാപ്പി അംഗീകൃത ചികിത്സാരീതിയായി പ്രഖ്യാപിക്കാത്ത പശ്ചാത്തലത്തില്‍ ഈ ചികിത്സാരീതിയുടെ പിന്നാലെ പോകരുതെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. ഇത് കൊവിഡ് ബാധിതരുടെ ആരോഗ്യത്തിന് ഹാനികരമാണ്. ഇത് നിയമവിരുദ്ധമാണെന്നും ലാവ് അഗര്‍വാള്‍ പറഞ്ഞു.

പ്ലാസ്മ തെറാപ്പി ശാസ്ത്രീയമായി ഫലപ്രദമാണെന്ന് ഐസിഎംആര്‍ പറയുന്നത് വരെ ഇത് ഗവേഷണത്തിനും പരീക്ഷണത്തിനും മാത്രമേ ഉപയോഗിക്കുകയുളളൂ. കൃത്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ച് അല്ല പ്ലാസ്മ തെറാപ്പി ചെയ്യുന്നതെങ്കില്‍ ഇത് ജീവന് വരെ ഭീഷണിയാകാമെന്നും ലാവ് അഗര്‍വാള്‍ മുന്നറിയിപ്പ് നല്‍കി. പ്ലാസ്മ തെറാപ്പി ഫലപ്രദമാണോ എന്ന് കണ്ടെത്തുന്നതിന് ദേശീയ തലത്തില്‍ ഐസിഎംആര്‍ പഠനത്തിന് തുടക്കമിട്ടതായും ലാവ് അഗര്‍വാള്‍ പറഞ്ഞു. 

Tags: