കുവൈത്തില്‍ ആഭ്യന്തര മന്ത്രിക്ക് എതിരെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

രാജ കുടുംബത്തിനു പുറത്ത് നിന്നുള്ള ആദ്യത്തെ ആഭ്യന്തര മന്ത്രി കൂടിയായ ഇദ്ദേഹം അധികാരം ഏറ്റെടുത്ത ശേഷം അഴിമതിക്ക് എതിരെ ശക്തമായ നടപടികളാണു സ്വീകരിച്ചു വരുന്നത്.

Update: 2020-08-26 10:45 GMT

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലെഹിനു എതിരെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പ്രമേയത്തെ 35 അംഗങ്ങള്‍ എതിര്‍ത്തപ്പോള്‍ 13അംഗങ്ങള്‍ മാത്രമാണു അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്.

രാജ്യത്ത് അഴിമതി തുടച്ചു നീക്കുന്നതിന്റെ ഭാഗമായി പ്രധാന മന്ത്രി ഷൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന നടപടികളില്‍ വലം കയ്യായി പ്രവര്‍ത്തിച്ചു വരുന്ന മന്ത്രിയാണു ഉപപ്രധാന മന്ത്രിയുടെ പദവി കൂടി കൈകാര്യം ചെയ്യുന്ന അനസ് അല്‍ സാലെഹ്. രാജ കുടുംബത്തിനു പുറത്ത് നിന്നുള്ള ആദ്യത്തെ ആഭ്യന്തര മന്ത്രി കൂടിയായ ഇദ്ദേഹം അധികാരം ഏറ്റെടുത്ത ശേഷം അഴിമതിക്ക് എതിരെ ശക്തമായ നടപടികളാണു സ്വീകരിച്ചു വരുന്നത്.
 

വിസ കച്ചവടം , കള്ളപ്പണം വെളുപ്പിക്കല്‍ മുതലായ കുറ്റങ്ങളില്‍ പങ്കാളികളായ രാജ കുടുംബത്തിലെ പ്രമുഖരും ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായ നിരവധി പേരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കാന്‍ കാട്ടിയ ധൈര്യവും കുവൈത്തി ജനതക്കിടയില്‍ ഇദ്ദേഹത്തിനു ഏറെ ജനപ്രീതിയാണു നേടി കൊടുത്തത്. 

Tags:    

Similar News