പൊതുബജറ്റ് ഇന്ന് രാവിലെ 11ന്; പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന് സാമ്പത്തിക സര്‍വേ

നിക്ഷേപ, കാര്‍ഷിക മേഖലകളിലെ വളര്‍ച്ചയിലുണ്ടായ ഇടിവും നിര്‍മാണ-വ്യവസായ മേഖലകളെല്ലാം വന്‍ പ്രതിസന്ധി നേരിടുകയാണെന്നു സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Update: 2019-07-05 00:56 GMT

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പൊതുബജറ്റ് ലോക്‌സഭയില്‍ ഇന്നു രാവിലെ 11ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും. ഒന്നാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധവും ജിഎസ്ടിയും കാരണം നട്ടെല്ലൊടിഞ്ഞ സമ്പദ് വ്യവസ്ഥയെ നേരെയാക്കിയെടുക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ പുതിയ ബജറ്റിലുണ്ടാവുമെന്നാണു പ്രതീക്ഷിക്കുന്നത്.

    നിക്ഷേപ, കാര്‍ഷിക മേഖലകളിലെ വളര്‍ച്ചയിലുണ്ടായ ഇടിവും നിര്‍മാണ-വ്യവസായ മേഖലകളെല്ലാം വന്‍ പ്രതിസന്ധി നേരിടുകയാണെന്നു സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയുമെല്ലാം രാജ്യത്തിന്റെ വളര്‍ച്ചയ്ക്കു വിഘാതമാവുന്ന വിധത്തില്‍ വര്‍ധിച്ചുവരികയാണ്. തൊഴില്ലായ്മ 40 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ അവസ്ഥയിലാണെന്ന കണക്ക് മോദി സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനു ശേഷം അംഗീകരിച്ചിരുന്നു. ഇക്കാരണം പറഞ്ഞ് പല സര്‍ക്കാര്‍ പദ്ധതികളും സ്വകാര്യ മേഖലയ്ക്കു നല്‍കിയേക്കുമെന്ന് ആശങ്കകളുയര്‍ന്നിട്ടുണ്ട്. ഏതായാലും സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനും കയറ്റുമതി വര്‍ധിപ്പിക്കാനുമുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായേക്കും.തിരഞ്ഞെടുപ്പിനു മുമ്പ് അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ഇളവുകളും പദ്ധതികളും പ്രഖ്യാപിച്ചിരുന്നെങ്കിലും അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ബജറ്റില്‍ നിന്ന് ഇവയെല്ലാം അപ്രത്യക്ഷമാവാന്‍ സാധ്യതയുണ്ടെന്ന് ഒരുവിഭാഗം സാമ്പത്തിക വിദഗ്ധര്‍ തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അവതരിപ്പിക്കുന്ന ബജറ്റില്‍ രാഷ്ട്രീയ ഘടകങ്ങളും കടന്നുകൂടുമെന്നാണു കരുതുന്നത്.

    അതിനിടെ, രാജ്യത്തെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന സാമ്പത്തിക സര്‍വേ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതിനുള്ള നീക്കവും നടത്തിയേക്കും. പെന്‍ഷന്‍ പ്രായം എത്ര വയസ്സാക്കണമെന്നു നിര്‍ദേശിച്ചിട്ടില്ലെങ്കിലും ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നതിനനുസരിച്ച് പല രാജ്യങ്ങളും പെന്‍ഷന്‍ പ്രായം 65 മുതല്‍ 70 വരെയായി ഉയര്‍ത്തിയതും വര്‍ധിപ്പിക്കാന്‍ ധാരണയായതുമെല്ലാം റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഇപ്പോള്‍ 60 ആണ്. വിവിധ സംസ്ഥാനങ്ങളില്‍ 55 മുതല്‍ 60 വരെയാണ്. കേരളത്തില്‍ 56 ഉം പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലുള്ളവര്‍ക്ക് 60ഉം ആണ്. രാജ്യത്തെ ആയുര്‍ദൈര്‍ഘ്യം ഇനിയും കൂടുമെന്നും ഇതനുസരിച്ച് പെന്‍ഷന്‍ പ്രായം കൂട്ടല്‍ അനിവാര്യമാണെന്നും സര്‍വേ അടിവരയിട്ട് പറയുന്നു.




Tags: