ബാങ്കുകള്‍ വീണ്ടും ലയിപ്പിക്കുന്നു; ഭവനവായ്പ പലിശ കുറച്ചു

വന്‍കിട വായ്പകളുടെ സ്ഥിതി പരിശോധിക്കാന്‍ പ്രത്യേക ഏജന്‍സിയെ നിയോഗിക്കും

Update: 2019-08-30 12:43 GMT

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ബാങ്കുകള്‍ ലയിപ്പിക്കാന്‍ തീരുമാനം. 18 പൊതുമേഖലാ ബാങ്കുകളില്‍ 14ഉം ലാഭത്തിലാണു പ്രവര്‍ത്തിക്കുന്നതെന്നും ലയനം പൂര്‍ത്തിയായാല്‍ പൊതുമേഖലയില്‍ 12 ബാങ്കുകള്‍ മാത്രമാണു രാജ്യത്ത് ഉണ്ടായിരിക്കുകയെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. പഞ്ചാബ് നാഷനല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്, യുനൈറ്റഡ് ബാങ്ക് എന്നിവയെയാണ് ലയിപ്പിക്കുക. ഇതുവഴി 17.95 ലക്ഷം കോടിയുടെ വ്യാപാരമുള്ള ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കാക്കി ഇതിനെ മാറ്റാനാണു ലക്ഷ്യമിടുന്നത്. കനറ, സിന്‍ഡിക്കേറ്റ് ബാങ്കുകള്‍ ലയിപ്പിച്ച് നാലാമത്തെ വലിയ പൊതുമേഖലാ ബാങ്കിന് രൂപം നല്‍കും. ഇന്ത്യന്‍ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവ ലയിക്കും. യൂനിയന്‍, കോര്‍പറേഷന്‍, ആന്ധ്രാ ബാങ്കുകളും ഒന്നായി ചുരുങ്ങും. ആഗോളതലത്തില്‍ തന്നെ സാന്നിധ്യമുള്ള വലിയ ബാങ്കുകളെ രാജ്യത്ത് സൃഷ്ടിക്കുകയാണു ലക്ഷ്യമെന്നാണു ധനമന്ത്രിയുടെ വിശദീകരണം. നേരത്തേ എസ്ബിടി ഉള്‍പ്പെടെയുള്ള ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിച്ചിരുന്നു.

    തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌െ്രെകബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇതിനുപുറമെ, രാജ്യത്ത് രണ്ടാംഘട്ട സാമ്പത്തിക ഉത്തേജന നടപടികളും ധനമന്ത്രി പ്രഖ്യാപിച്ചു. ബാങ്കുകള്‍ ഭവനവായ്പയുടെ പലിശ കുറച്ചുതുടങ്ങി. വായ്പാ നടപടികള്‍ ലളിതമാക്കും. ഭവന വായ്പാ മേഖലയിലേക്കു 3,300 കോടി രൂപയുടെ സഹായമാണ് ഇതിനു വേണ്ടി പ്രഖ്യാപിച്ചത്. വന്‍കിട വായ്പകളുടെ സ്ഥിതി പരിശോധിക്കാന്‍ പ്രത്യേക ഏജന്‍സിയെ നിയോഗിക്കും. ഇവയുടെ തിരിച്ചടവു നിരീക്ഷിക്കാനാണു പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുക. 250 കോടി രൂപയിലേറെയുള്ള വായ്പകള്‍ ഈ ഏജന്‍സിയുടെ ചുമതലയായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്ത് സാമ്പത്തിക മേഖല വന്‍ തകര്‍ച്ചയിലേക്കാണെന്നും വിവിധ കമ്പനികള്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുകയാണെന്നുമുള്ള റിപോര്‍ട്ടുകള്‍ക്കിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍.


Tags:    

Similar News