ദേവീന്ദര്‍ സിങിനും മറ്റു അഞ്ചു പേര്‍ക്കുമെതിരേ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി), നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ), സ്‌ഫോടനാത്മക ലഹരിവസ്തു നിയമം എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Update: 2020-07-06 14:07 GMT

ന്യൂഡല്‍ഹി: കശ്മീര്‍ താഴ്‌വരയിലെ സായുധ ഗ്രൂപ്പുകളുമായുള്ള ബന്ധത്തിന് സസ്‌പെന്‍ഷനില്‍കഴിയുന്ന ജമ്മു കശ്മീര്‍ പോലിസ് ഡെപ്യൂട്ടി സൂപ്രണ്ട് ഡേവിന്ദര്‍ സിങിനെതിരേ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരായ സയ്യിദ് നവീദ് മുഷ്താക്, നവീദ് ബാബു, റാഫി അഹ്മദ്, ഇര്‍ഫാന്‍ ഷാഫി മിര്‍, തന്‍വീര്‍ അഹ്മദ് വാനി, നിയന്ത്രണ രേഖയിലെ മുന്‍ വ്യാപാരി, സയ്യിദ് ഇര്‍ഫാന്‍ അഹ്മദ് (നവീദ് ബാബുവിന്റെ സഹോദരന്‍) എന്നിവര്‍ക്കെതിരേയും ജമ്മുവിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതായി അന്വേഷണ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി), നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ), സ്‌ഫോടനാത്മക ലഹരിവസ്തു നിയമം എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

രാജ്യത്ത് അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഇന്ത്യയ്‌ക്കെതിരേ യുദ്ധം ചെയ്യാനും പാകിസ്താന്‍ ആസ്ഥാനമായുള്ള സായുധ സംഘടനയായ ഹിസ്ബുള്‍ മുജാഹിദീനും പാക് ഭരണകൂട ഏജന്‍സികളും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി പ്രതികള്‍ പ്രവര്‍ത്തിച്ചതായി അന്വേഷണത്തില്‍ വ്യക്തമായതായി എന്‍ഐഎ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടി.

സായുധ സംഘടനാ പ്രവര്‍ത്തകരായ നവീദ് ബാബു, റാഫി അഹമ്മദ് റഥര്‍, ഇര്‍ഫാന്‍ ഷാഫി മിര്‍ എന്നിവര്‍ക്ക് സുരക്ഷിത പാത ഒരുക്കിയതിനിടെ ഈ വര്‍ഷം ആദ്യത്തിലാണ് ദേവീന്ദര്‍ സിങ് അറസ്റ്റിലായത്. ദേവീന്ദര്‍ സിങ് സുരക്ഷിത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ന്യൂഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലെ ചില ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നതായും തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈക്കലാക്കുന്നതിന് പാക് ഉദ്യോഗസ്ഥര്‍ ഇയാളെ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്്.

ദേവീന്ദര്‍ സിങ്, ഇര്‍ഫാന്‍ ഷാഫി മിര്‍, സയ്യിദ് ഇര്‍ഫാന്‍ അഹ്മദ് എന്നിവര്‍ 2019 ഫെബ്രുവരിയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനായ സയ്യിദ് നവീദ് മുഷ്താക്കിനേയും ജമ്മുവിലെ ഇയാളുടെ കൂട്ടാളിയേയും സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ നിന്ന് രക്ഷിക്കുന്നതിന് സുരക്ഷിതമായ അഭയം നല്‍കുകയും സായുധസംഘത്തിന്റെ യാത്രക്കായി ദേവീന്ദര്‍ സിങ് സ്വന്തം വാഹനം നല്‍കുകയും ആയുധങ്ങള്‍ ശേഖരിക്കുന്നതിന് സഹായം ഉറപ്പ് നല്‍കുകയും ചെയ്തതായി എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.

ഗൂഢാലോചന കേസില്‍ 90 ദിവസത്തെ നിയമപരമായ കാലയളവില്‍ ഡല്‍ഹി പോലിസ് കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ദേവീന്ദര്‍ സിങിന് അടുത്തിടെ ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ദേവീന്ദര്‍ സിങ്ങിന് ജാമ്യം ലഭിച്ചത് ഡല്‍ഹി പോലിസ് അന്വേഷിക്കുന്ന മറ്റൊരു കേസിലാണെന്നും തങ്ങളുടെ കേസില്‍ ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാല്‍ ദേവീന്ദര്‍ ഇപ്പോഴും ജയിലില്‍ തന്നെ തുടരുകയാണ് എന്നുമുള്ള വിശദീകരണവുമായി എന്‍ഐഎ എന്‍ഐഎ ട്വീറ്റ് ചെയ്തിരുന്നു.

Tags: