ദാവൂദ് ഇബ്രാഹിമിനും ഛോട്ടാ ഷക്കീലിനുമെതിരേ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

Update: 2022-11-06 04:57 GMT

ന്യൂഡല്‍ഹി: ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിച്ചെന്ന് ചൂണ്ടിക്കാട്ടി അധോലോക കുറ്റവാളികളായ ദാവൂദ് ഇബ്രാഹിം, അടുത്ത സഹായി ഛോട്ടാ ഷക്കീല്‍, ഡി കമ്പനിയിലെ മറ്റ് മൂന്ന് അംഗങ്ങള്‍ എന്നിവര്‍ക്കെതിരേ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. മുംബൈയിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും പ്രവര്‍ത്തനങ്ങള്‍. ദാവൂദ് ഇബ്രാഹിമും ഛോട്ടോ ഷക്കീലും കൂടാതെ മുംബൈ സ്വദേശികളായ ആരിഫ് ഭായ്ജാന്‍ എന്ന ആരിഫ് അബൂബക്കര്‍ ഷെയ്ഖ്, ഷബീര്‍ എന്ന ഷബീര്‍ അബൂബക്കര്‍ ഷെയ്ഖ്, സലിം ഫ്രൂട്ട് എന്ന മുഹമ്മദ് സലിം ഖുറേഷി എന്നിവരാണ് മറ്റ് പ്രതികള്‍.

യുഎപിഎ, മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് (എംസിഒസിഎ), ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് മുംബൈയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഡി കമ്പനിയുടെ പേരില്‍ രാജ്യത്ത് ഒട്ടനവധി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് കേസെടുത്തതും തുടര്‍നടപടികള്‍ക്കുശേഷം കുറ്റപത്രം നല്‍കിയതും. ഫെബ്രുവരി മൂന്നിന് മുംബൈയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പ്രകാരമാണ് നടപടിയെന്ന് എന്‍ഐഎ വക്താവ് പറഞ്ഞു. ഇവര്‍ ഡി കമ്പനി അംഗങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളിലും നിരവധി ക്രിമിനല്‍ കേസുകളിലും പങ്കാളികളാണെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.

കൂടാതെ ഇവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തുക സ്വരൂപിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുകയും പൊതുജനങ്ങളുടെ മനസ്സില്‍ ഭീകരത സൃഷ്ടിക്കാനും ലക്ഷ്യമിട്ടു. മുംബൈയിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശത്തുള്ള ഒളിവില്‍ കഴിയുന്ന പ്രതികളില്‍ നിന്ന് അറസ്റ്റിലായ പ്രതികള്‍ ഹവാല വഴികളിലൂടെ വന്‍തുക കൈപ്പറ്റിയതായി എന്‍ഐഎ കണ്ടെത്തിയെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News