കൊവിഡ് ആസൂത്രണമില്ലായ്മ: കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

Update: 2020-06-10 18:37 GMT

ന്യൂഡല്‍ഹി: കൊവിഡ് മഹാമിരിയെ നേരിടുന്നതില്‍ വീഴ്ചയുണ്ടായെന്ന പരാതിയില്‍ കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ നല്‍കിയ പരാതിയിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍(എന്‍എച്ച്ആര്‍സി) നോട്ടീസ് അയച്ചത്. കൊവിഡ് മരണങ്ങളുടെ വര്‍ധനവ്, മരണപ്പെട്ടയാളുടെ അന്തിമ ചടങ്ങുകളുടെ കാലതാമസം, രോഗികള്‍ക്ക് ആവശ്യമായ കിടക്കകള്‍ ലഭ്യമല്ലാത്തത്, പരിശോധനകളുടെ അപര്യാപ്തത എന്നിവയുള്‍പ്പെടെ ആസ്ത്രണം ചെയ്തതില്‍ വന്‍ വീഴ്ചയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.

    ജൂലൈ അവസാനത്തോടെ ഡല്‍ഹിയില്‍ 80,000 കിടക്കകള്‍ ആവശ്യമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞതിനു മണിക്കൂറുകള്‍ക്ക് ശേഷമാണ് നോട്ടീസയച്ചത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കു കൂടി ചികില്‍സാനുമതി നല്‍കിയതിനാല്‍ 1.5 ലക്ഷത്തിലധികം കിടക്കകള്‍ ആവശ്യമായി വരും. കേസുകളുടെ എണ്ണം ജൂലൈ അവസാനത്തോടെ 5.5 ലക്ഷമായി ഉയരുമെന്ന് ഇന്നലെ ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ ബുധനാഴ്ച 1,501 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ 32,000 ത്തിലേറെ കേസുകളായി. കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 984 ആയി.




Tags:    

Similar News