'ന്യൂസ് ക്ലിക്ക്': കേരളത്തിലും റെയ്ഡ്; മുന്‍ജീവനക്കാരിയുടെ വീട്ടില്‍ ഡല്‍ഹി പോലിസ് പരിശോധന

Update: 2023-10-06 15:57 GMT

പത്തനംതിട്ട: ചൈനീസ് സഹായം ആരോപിച്ച് ഡല്‍ഹിയിലെ ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലായ ന്യൂസ് ക്ലിക്കിനെതിരായ നടപടിയുടെ ഭാഗമായി കേരളത്തിലും റെയ്ഡ്. ന്യൂസ് ക്ലിക്കില്‍ നേരത്തേ ജോലി ചെയ്തിരുന്ന പത്തനംതിട്ട സ്വദേശിനിയുടെ വീട്ടിലാണ് ഡല്‍ഹി പോലിസ് പരിശോധന നടത്തിയത്. കൊടുമണ്‍ സ്വദേശി അനുഷ പോളിന്റെ വീട്ടില്‍നിന്ന് മൊബൈല്‍ ഫോണും ലാപ് ടോപും എടുത്തുകൊണ്ടുപോയി. കേരളാപോലിസിനെ വിവരമറിച്ച ശേഷമാണ് ഡല്‍ഹി പോലിസ് പരിശോധനയെന്നാണ് സൂചന. ന്യൂസ് ക്ലിക്ക് അനധികൃതമായി വിദേശഫണ്ട് സ്വീകരിച്ചെന്നും

    ഇന്ത്യയുടെ അഖണ്ഡതയ്ക്ക് കോട്ടം വരുത്തുന്ന രീതിയില്‍ ചൈനീസ് പ്രചാരണങ്ങള്‍ പ്രചരിപ്പിച്ചെന്നും ആരോപിച്ചാണ് യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കയസ്ഥയെയും എച്ച്ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയെയും അറസ്റ്റ് ചെയ്തത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയിലെ അംഗമായ നെവില്‍ റോയ് സിംഘമാണ് പണം ഇന്ത്യയിലൊഴുക്കിയതെന്നാണ് എഫ്‌ഐആറില്‍ ആരോപിക്കുന്നത്. മാത്രമല്ല, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബിര്‍ പുര്‍കയസ്ഥ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും അഞ്ചുവര്‍ഷം നിയമവിരുദ്ധമായ ഫണ്ടുകള്‍ സ്വീകരിച്ചെന്നും ആരോപിക്കുന്നുണ്ട്. കശ്മീരും അരുണാചലും തര്‍ക്കപ്രദേശം എന്ന് സ്ഥാപിക്കാന്‍ വാര്‍ത്തകളിലൂടെ ശ്രമിച്ചെന്നും എഫ് ഐആറില്‍ പറയുന്നു. അതിനിടെ, എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രബിര്‍ പുര്‍കയസ്ഥ നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. ചൈനയില്‍ നിന്ന് അനധികൃതമായി പണം സ്വീകരിച്ചെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപകമായി പരിശോധന നടത്തിയത്.

Tags:    

Similar News