കുവൈത്തില്‍ ചൊവ്വാഴ്ച മുതല്‍ പുതിയ വിസകള്‍ അനുവദിച്ചു തുടങ്ങും

Update: 2021-10-31 13:04 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചൊവ്വാഴ്ച മുതല്‍ പുതിയ വിസകള്‍ അനുവദിക്കുന്നത് പുനരാരംഭിക്കും. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രമാണു ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ തൊഴില്‍ അനുമതി പത്രം അനുവദിക്കിന്നതിനുള്ള സേവനങ്ങള്‍ മാനവ ശേഷി സമിതിയുടെ 'ആശല്‍' പോര്‍ട്ടലിലൂടെയാണു നല്‍കുക. ഇക്കാരണത്താല്‍ തൊഴിലുടമകള്‍ ആവശ്യമായ ഡാറ്റ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം.

സാധാരണ ജനജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി പുതിയ വിസകളും വര്‍ക്ക് പെര്‍മിറ്റുകളും നല്‍കുന്നത് പുനരാരംഭിക്കുവാന്‍ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു പുതിയ തൊഴില്‍ അനുമതി പത്രം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള സംവിധാനം ആരംഭിക്കുന്നത്. രാജ്യത്തെ അംഗീകൃത വാക്‌സിനുകളില്‍ ഒന്നിന്റെ രണ്ട് ഡോസ് പൂര്‍ത്തിയാക്കിയവര്‍ക്കാണു വിസ അനുവദിക്കുക. ഇതിനായി ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ സാധുത ഉറപ്പാക്കുന്നതിനു ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുമായി ഏകോപിപ്പിക്കാന്‍ മാനവശേഷി സമിതിയോട് മന്ത്രി സഭാ സെക്രട്ടേറിയറ്റ്‌ ആവശ്യപ്പെട്ടു.

Tags:    

Similar News