അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചു: നരേന്ദ്രമോദി

പാര്‍ലമെന്റിന്റെ അജണ്ടയില്‍ ഇല്ലാതിരുന്ന പ്രസംഗം അവസാന നിമിഷമാണ് ഉള്‍പ്പെടുത്തിയത്. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം മുമ്പാണ് ഇത്തരമൊരു പ്രഖ്യാപനം മോദി നടത്തുന്നത്.

Update: 2020-02-05 06:16 GMT

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഹിന്ദുത്വര്‍ തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്ര നിര്‍മിക്കാനായി പുതിയ ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. 'ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര' എന്നാണ് ട്രസ്റ്റിന്റെ പേര്. രാമക്ഷേത്ര നിര്‍മാണത്തിന് ഈ ട്രസ്റ്റിന് പൂര്‍ണസ്വാതന്ത്ര്യമുണ്ടാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മസ്ജിദിന്റെ നിര്‍മ്മാണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ ഭൂമി കണ്ടെത്തിയെന്നും മോദി ലോക്‌സഭയെ അറിയിച്ചു. എന്നാല്‍ ഇത് എവിടെയാണെന്ന് മോദി വ്യക്തമാക്കിയിട്ടില്ല.

പാര്‍ലമെന്റിന്റെ അജണ്ടയില്‍ ഇല്ലാതിരുന്ന പ്രസംഗം അവസാന നിമിഷമാണ് ഉള്‍പ്പെടുത്തിയത്. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം മുമ്പാണ് ഇത്തരമൊരു പ്രഖ്യാപനം മോദി നടത്തുന്നത്. അടിയന്തരമായി രാവിലെ കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നാണ് ഈ തീരുമാനം മോദി ലോക്‌സഭയില്‍ പ്രഖ്യാപിക്കുന്നത്.

ബാബരി മസ്ജിദ് പൊളിച്ച 2.77 ഏക്കര്‍ ഭൂമിക്ക് പുറമേ, അതിന് ചുറ്റുമുള്ള 67 ഏക്കര്‍ ഭൂമി കൂടി സര്‍ക്കാര്‍ രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര എന്ന ഈ ട്രസ്റ്റിന് പതിച്ച് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ബാബരി മസ്ജിദ് നിലനിന്നിരുന്ന തര്‍ക്കഭൂമിയുടെ ചുറ്റുമുള്ള ഈ ഭൂമി നരസിംഹ റാവുവിന്റെ കാലത്ത് തന്നെ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിരുന്നതാണ്. അന്ന് ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്തിയാണ് ഈ ഭൂമി ഏറ്റെടുത്തത്. ഈ ഭൂമിയുടെ ഒരു വശത്ത് പള്ളി പണിയാന്‍ സ്ഥലം അനുവദിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ ഭൂമിയില്‍ ഇനി വേറെ നിര്‍മിതികളുണ്ടാകില്ലെന്നും പൂര്‍ണമായും രാമക്ഷേത്രത്തിനായി മാത്രം നല്‍കുമെന്നും മോദി പ്രസംഗത്തില്‍ വ്യക്തമാക്കി.

ഏതാണ്ട് 70 ഏക്കറോളം ഭൂമിയാണ് രാമക്ഷേത്ര നിര്‍മാണത്തിന് ഇപ്പോള്‍ ലഭിക്കുക. രാമക്ഷേത്ര നിര്‍മാണത്തിനായി കൂടുതല്‍ സമയം ആവശ്യപ്പെടില്ലെന്ന് നേരത്തേ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതാണ്.

Tags:    

Similar News