കശ്മീരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്

പുതിയ പ്രാദേശിക പാര്‍ട്ടിയെ ബിജെപിയുമായി ബന്ധിപ്പിക്കുന്നത് തികച്ചും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു

Update: 2020-02-24 02:05 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഉടന്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ നിയമസഭാംഗവുമായ ഉസ്മാന്‍ മാജിദ്. കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റ് അംഗങ്ങളെ അനുമതിയില്ലാതെ സന്ദര്‍ശിച്ചതിന് കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് ഉസ്മാന്‍ മാജിദിന്റെ പ്രതികരണം. കഴിഞ്ഞ 70 വര്‍ഷമായി കശ്മീരികള്‍ ദുരിതമനുഭവിക്കുന്നത് കോണ്‍ഗ്രസ് കാരണമാണെന്നു ബന്ദിപോരയിലെ തൊഴിലാളി കണ്‍വന്‍ഷനില്‍ അദ്ദേഹം കുറ്റപ്പെടുത്തി. സമാന ചിന്താഗതിക്കാരായ ആളുകള്‍ ഇതിനകം കൈകോര്‍ത്തതായും ജമ്മു കശ്മീരില്‍ ഉടന്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ പുതിയ പ്രാദേശിക പാര്‍ട്ടിയെ ബിജെപിയുമായി ബന്ധിപ്പിക്കുന്നത് തികച്ചും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

    'സമാന ചിന്താഗതിക്കാരായ രാഷ്ട്രീയക്കാരുമായി ഞങ്ങള്‍ ബന്ധപ്പെട്ടു. ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള വിടവ് നികത്തേണ്ട ആവശ്യം അനുഭവപ്പെട്ടു. രാഷ്ട്രീയ പ്രതിനിധികള്‍ക്ക് മാത്രമേ ഇത് നിറവേറ്റാന്‍ കഴിയൂ. നമ്മുടെ ജനങ്ങളുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമാണ് ഞങ്ങള്‍ കൈകോര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വയംഭരണം പറഞ്ഞ് നാഷനല്‍ കോണ്‍ഫറന്‍സും പിഡിപിയും താഴ് വരയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. അവരുടെ തെറ്റുകള്‍ കാരണമാണ് കശ്മീരിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം ജമ്മു കശ്മീരിലെ ജനങ്ങളോട് ഒരിക്കലും ആത്മാര്‍ത്ഥത പുലര്‍ത്തിയിട്ടില്ല. ഡല്‍ഹിയില്‍ ഒന്നും കശ്മീരില്‍ മറ്റൊന്നുമാണ് നേതാക്കള്‍ പറയുന്നതെന്നും ഉസ്മാന്‍ മാജിദ് ആരോപിച്ചു.




Tags:    

Similar News