മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ പി വിശ്വനാഥന്‍ അന്തരിച്ചു

Update: 2023-12-15 05:50 GMT

തൃശൂര്‍: മുന്‍ മന്ത്രിയും തൃശൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ പി വിശ്വനാഥന്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം. ആറ് തവണ എംഎല്‍എയും രണ്ടുതവണ യുഡിഎഫ് സര്‍ക്കാരില്‍ വനംമന്ത്രിയുമായിരുന്നു. തശൂര്‍ ജില്ലയിലെ കുന്നംകുളത്ത് കല്ലായില്‍ പാങ്ങന്‍-പാറുക്കുട്ടി ദമ്പതികളുടെ മകനായി 1940 ഏപ്രില്‍ 22നായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂര്‍ കേരള വര്‍മകോളജില്‍നിന്ന് ബിരുദം നേടി. യൂത്ത് കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 1967 മുതല്‍ 70 വരെ യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പ്രസിഡന്റായി. 1970ല്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായി. 1972 മുതല്‍ കെപിസിസി അംഗമായിരുന്നു. 1970ല്‍ കുന്നംകുളത്തുനിന്ന് ആദ്യം നിയമസഭയിലേക്ക് മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 1977ലും 1980ലും ജയിച്ചു. 1982ലെ തിരഞ്ഞെടുപ്പില്‍ തോല്‍വിയായിരുന്നു ഫലം. 1987 മുതല്‍ 2001 വരെ കൊടകര മണ്ഡലത്തില്‍നിന്നു നിയമസഭയിലെത്തി. 1991ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ആദ്യമായി വനംമന്ത്രിയായി. പിന്നീട് 2004ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും അതേ വകുപ്പ് തന്നെ നല്‍കി. രണ്ടുതവണയും കാലാവധി പൂര്‍ത്തിയാക്കാതെയാണ് രാജിവയ്‌ക്കേണ്ടി വന്നത്. 2006, 2011 തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും ജയിക്കാനായില്ല.

Tags:    

Similar News