സാമ്പത്തിക പ്രതിസന്ധി മൂലം കമ്പനികള്‍ നഷ്ടത്തില്‍; നേട്ടം കൊയ്ത് അമിത്ഷായുടെ മകന്റെ ബിസിനസ്
മോദി അധികാരത്തിലെത്തിയതിന് ശേഷം 2015 നും 2019 നും ഇടയില്‍ ജയ് ഷായുടെ കുസും ഫിന്‍സെര്‍വിന്റെ മൊത്തം മൂല്യം 24.61 കോടി രൂപയായാണ് ഉയര്‍ന്നത്. അറ്റ സ്ഥിര ആസ്തി 22.73 കോടി രൂപയും നിലവിലെ ആസ്തി 33.05 കോടി രൂപയുമായി മൊത്തം വരുമാനം 116.37 കോടി രൂപയായും വര്‍ദ്ധിച്ചു.
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിമൂലം രാജ്യത്തെ പ്രമുഖ കമ്പനികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ നേട്ടം കൊയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായുടെ ബിസിനസ്. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയ വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളതെന്ന് 'ദി കാരവന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.
ജയ്ഷാ കമ്പനി ഡയറക്ടര്‍ക്ക് തുല്യമായ സ്ഥാനം വഹിക്കുന്ന കുസും ഫിന്‍സെര്‍വ് എല്‍എല്‍പി വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മോദി അധികാരത്തിലെത്തിയതിന് ശേഷം 2015 നും 2019 നും ഇടയില്‍ ജയ് ഷായുടെ കുസും ഫിന്‍സെര്‍വിന്റെ മൊത്തം മൂല്യം 24.61 കോടി രൂപയായാണ് ഉയര്‍ന്നത്. അറ്റ സ്ഥിര ആസ്തി 22.73 കോടി രൂപയും നിലവിലെ ആസ്തി 33.05 കോടി രൂപയുമായി മൊത്തം വരുമാനം 116.37 കോടി രൂപയായും വര്‍ദ്ധിച്ചു.
ഏറ്റവും പുതിയ സാമ്പത്തിക വര്‍ഷം വരെയുള്ള ബാലന്‍സ് ഷീറ്റുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും, കുസും ഫിന്‍സെര്‍വിന്റെ ബിസിനസ് സ്വഭാവത്തെ കുറിച്ചൊന്നും വെബ്‌സൈറ്റില്‍ നല്‍കിയ രേഖകളില്‍ വ്യക്തമല്ലെന്ന് കാരവന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയ വെബ്‌സൈറ്റില്‍ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റുകള്‍ സമര്‍പ്പിക്കാത്ത കമ്പനികള്‍ക്കെതിരെ ബിജെപി സര്‍ക്കാരും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയവും നടപടി എടുത്തപ്പോഴും രണ്ട് വര്‍ഷമായി ബിസിനസ് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയ കുസും ഫിന്‍സെര്‍വിനെതിരെ ഒരു നടപടിയും ഉണ്ടായില്ല.
കമ്പനിയുടെ ലാഭനഷ്ടവുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാത്ത വര്‍ഷങ്ങളിലെല്ലാം കുസും ഫിന്‍സെര്‍വിന്റെ ബിസിനസ്സ് വളരെയധികം വര്‍ധിച്ചുവെന്ന് രേഖയില്‍ വ്യക്തമാണ്. നാല് വര്‍ഷത്തിനിടെ മൂന്ന് കോടിയില്‍ നിന്ന് 119 കോടിയിലേക്ക് ബിസിനസ് വളര്‍ന്നതായി രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. 2015 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 3.23 കോടി രൂപയായിരുന്നു. 2019 സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇത് 119.61 കോടി രൂപയായാണ് ഉയര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2013 ല്‍ ആരംഭിച്ച സ്ഥാപനം പിന്നീടാണ് എല്‍എല്‍പിയിലേക്ക് മാറുന്നത്. എംസിഎയ്ക്ക് സമര്‍പ്പിച്ച രേഖകള്‍ പ്രകാരം, 2014 സാമ്പത്തിക വര്‍ഷത്തില്‍ 23,729 രൂപയുടെ നഷ്ടമാണ് കുസും ഫിന്‍സെര്‍വിന് ഉണ്ടായത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം കമ്പനി വലിയ ലാഭത്തിലേക്ക് അടുത്തു. പിന്നീടുള്ള വര്‍ഷങ്ങളില്‍ കമ്പനിയുടെ ബിസിനസ് വന്‍ കുതിപ്പാണ് നടത്തിയതെന്നും കാരവന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

