ഇസ്രായേലില്‍ പുതിയ കൊവിഡ് വകഭേദം;കണ്ടെത്തിയത് രണ്ട് യാത്രക്കാരില്‍

പുതിയ വകഭേദത്തില്‍ ആശങ്ക വേണ്ടെന്ന് ഇസ്രായേല്‍ പാന്‍ഡമിക് റെസ്‌പോണ്‍സ് ചീഫ് സല്‍മാന്‍ സാര്‍ക്കയും വ്യക്തമാക്കി

Update: 2022-03-17 03:53 GMT

ജെറുസലേം: ഇസ്രായേലില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരിലാണ് പുതിയ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.ഒമിക്രോണ്‍ വകഭേദത്തിന്റെ ബിഎ1, ബിഎ 2 എന്നീ രണ്ട് സബ് വേരിയന്റുകള്‍ അടങ്ങിയതാണ് പുതിയ വകഭേദം എന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

ആര്‍ടിപിസിആര്‍ ടെസ്റ്റിലൂടെയാണ് പുതിയ വകഭേദം തിരിച്ചറിഞ്ഞത് എന്നും ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.ചെറിയ പനി, തലവേദന, പേശികളുടെ തളര്‍ച്ച എന്നിവയാണ് പുതിയ വകഭേദത്തിലെ പ്രധാന രോഗ ലക്ഷണങ്ങള്‍.സമൂഹ വ്യാപനം നിലവില്‍ നടന്നിട്ടില്ലെന്നാണ് ഇസ്രായേല്‍ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പ്രത്യേക ചികിത്സയും ആവശ്യമില്ല. പുതിയ വകഭേദത്തില്‍ ആശങ്ക വേണ്ടെന്ന് ഇസ്രായേല്‍ പാന്‍ഡമിക് റെസ്‌പോണ്‍സ് ചീഫ് സല്‍മാന്‍ സാര്‍ക്കയും വ്യക്തമാക്കി.

ഇസ്രായേലില്‍ ഇതുവരെ 1.4 ദശലക്ഷം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.രാജ്യത്തെ 9.2 ദശലക്ഷം ജനസംഖ്യയില്‍ നാല് ദശലക്ഷത്തിലധികം ആളുകള്‍ ബൂസ്റ്റര്‍ ഡോസടക്കം മൂന്ന് കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചതായാണ് വിവരം. ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപന പശ്ചാത്തലത്തില്‍ 60വയസിന് മുകളിലുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നാലാം ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.



Tags: