മാപ്പ് പറഞ്ഞ് നെതന്യാഹു; പ്രതിഷേധം നാണക്കേടുണ്ടാക്കി

Update: 2024-09-03 07:44 GMT

ജെറുസലേം: ഇസ്രായേലികളോട് മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബന്ദികളെ ജീവനോടെ തിരികെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് മാപ്പപേക്ഷയുമായി നെതന്യാഹു രംഗത്തെത്തിയത്. നെതന്യാഹുവിനെതിരേ ഇസ്രായേലില്‍ വന്‍ തോതിലുള്ള പ്രക്ഷോഭങ്ങള്‍ അരങ്ങേറുകയാണ്. ഹമാസിന്റെ തടവില്‍ കഴിയുന്ന ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ആളുകളാണ് ഇസ്രായേലില്‍ പ്രക്ഷോഭം നടത്തിയത്. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഹിസ്റ്റ ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ജെറുസലേമിലെ പ്രധാനമന്ത്രിയുടെ വസതിക്കു പുറത്തു നടന്ന പ്രതിഷേധത്തില്‍ പോലിസ് നിരവധി ആളുകള്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ടു. പ്രതിഷേധക്കാരെ മര്‍ദ്ദിക്കുകയും പലരെയും വലിച്ചിഴിക്കുകയും ചെയ്തു. ഒക്ടോബര്‍ ഏഴിന് ഹമാസ് ബന്ദികളാക്കിയവരില്‍ 97 പേരെ കുറിച്ച് ഇതുവരെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഗസ വെടിനിര്‍ത്തലും ബന്ദി മോചനവും ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഷേധത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയവയടക്കമുള്ള മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. പ്രതിഷേധം ഇസ്രായേലിന് നാണക്കേടുണ്ടാക്കിയെന്ന് നെതന്യാഹു പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന പേരില്‍ യുകെ ഇസ്രായേലിനുള്ള ആയുധ വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

Tags: