കലാപാനി നേപ്പാളിന്റേത്; ഇന്ത്യന്‍ സൈന്യത്തെ ഉടന്‍ പിന്‍വലിക്കണമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി
കാലാപാനി നേപ്പാളിന്റെതാണെന്ന ഒലിയുടെ പ്രസ്താവനയെ കുറിച്ച് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയുടെ ഭാഗമാണ് കാലാപാനി. എന്നാല്‍ തങ്ങളുടെ ഡര്‍ച്ചുല ഭാഗമാണെന്ന് നേപാള്‍ അവകാശപ്പെടുന്നു. നേപ്പാളിന്റെ ഒരു ഇഞ്ച് ഭൂമി പോലും കൈവശപ്പെടുത്താന്‍ ഇന്ത്യയെ അനുവദിക്കില്ലെന്നും കെ പി ഒലി പറഞ്ഞു. ഭൂപടത്തില്‍ കാണിച്ചിട്ടുള്ള പ്രദേശം നേപ്പാളിലെ ഡര്‍ച്ചുല ജില്ലയിലെ പ്രദേശമാണെന്നും നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജമ്മു-കശ്മിര്‍ വിഭജനത്തെ തുടര്‍ന്ന് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ രേഖപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഇന്ത്യയുടെ പുതിയ ഔദ്യോഗിക ഭൂപടത്തിനെതിരേ കഴിഞ്ഞ ദിവസം നേപ്പാള്‍ വിമര്‍ശിച്ചിരുന്നു. ഭൂപടത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയില്‍ കാണിച്ചിട്ടുള്ള കാലാപാനി പ്രദേശം നേപ്പാളിന്റെ അധീനതയിലാണ് ഉള്ളത്. ഈ അവകാശ വാദം ഉയര്‍ത്തിയാണ് നേപ്പാള്‍ മുന്നോട്ട് വന്നിരിക്കുന്നത്.
പ്രദേശത്തുകൂടി ഒഴുകുന്ന മഹാകാളി നദിയാണ് തര്‍ക്കത്തിന്റെ പ്രധാനകാരണം. കാളിനദിയുടെ കിഴക്കന്‍ തീരത്താണ് കാലാപാനി നിലകൊള്ളുന്നത്. മഹാകാളിയുടെ എണ്ണമറ്റ കൈവഴികള്‍ വന്നുചേരുന്നത് കാലാപാനിയിലാണ്. എന്നാല്‍, ഈ കൈവഴികളുടെ ഭൂരിഭാഗത്തിന്റെയും ഉറവിടം നേപ്പാളിലെ ലിപു ലേഖ് ചുരമാണെന്നും അതുകൊണ്ട് പ്രദേശവും നദിയും തങ്ങളുടേതാണെന്നുമാണ് നേപ്പാള്‍ അവകാശപ്പെടുന്നത്. അതേസമയം, കാലാപാനി നേപ്പാളിന്റെതാണെന്ന ഒലിയുടെ പ്രസ്താവനയെ കുറിച്ച് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
