ചികില്‍സയ്ക്കായി കേരളത്തിലേക്ക് പോവാന്‍ അനുവദിക്കണം; മഅ്ദനി സുപ്രിംകോടതിയില്‍

Update: 2023-03-04 01:44 GMT

ന്യൂഡല്‍ഹി: ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന ആവശ്യവുമായി അബ്ദുന്നാസിര്‍ മഅ്ദനി സുപ്രിംകോടതിയെ സമീപിച്ചു. കേരളത്തിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. ആരോഗ്യനില അതീവമോശമായ അവസ്ഥയിലാണ്. അതിനാല്‍ ആയുര്‍വേദ ചികില്‍സ അനിവാര്യമാണ്. ചികില്‍സകള്‍ക്കായി കേരളത്തിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. പക്ഷാഘാതം ബാധിച്ച് അതീവ അവശനിലയിലാണ്.

ഓര്‍മക്കുറവും കാഴ്ചയ്ക്കും പ്രശ്‌നങ്ങളുണ്ട്. മാത്രമല്ല, തന്റെ പിതാവിന്റെ ആരോഗ്യനിലയും അതീവ ഗുരുതരാവസ്ഥയിലാണ്. പിതാവിനെ കാണാനും അവസരം നല്‍കണം. കേസിന്റെ വിചാരണ പൂര്‍ത്തിയാവുന്നതുവരെ നാട്ടില്‍ കഴിയാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കുന്നതിനായി ഇനി തന്റെ സാന്നിധ്യം ആവശ്യമില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

വിചാരണ നടക്കുന്ന പ്രത്യേക കോടതിയില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമര്‍പ്പിച്ചിരിക്കുന്ന ഹരജി കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. മൂന്നാഴ്ചക്ക് മുമ്പ് പക്ഷാഘാത ലക്ഷണങ്ങള്‍ കൊണ്ടുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മഅ്ദനിയെ ബംഗളൂരുവിലെ ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിന്നു.

തുടര്‍ന്ന് എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു. ആ പരിശോധനകളില്‍ ഹൃദയത്തില്‍ നിന്ന് തലച്ചോറിലേക്ക് പോവുന്ന പ്രധാന ഞരമ്പുകളില്‍ (ഇന്റേണല്‍ കരോട്ടിട് ആര്‍ട്ടറി) രക്തയോട്ടം വളരെ കുറഞ്ഞ രീതിയിലാണെന്നും അതിനാലാണ് ഇടവിട്ട് കൈകള്‍ക്ക് തളര്‍ച്ച, സംസാരശേഷിക്ക് കുറവ് സംഭവിക്കുക തുടങ്ങിയ പക്ഷാഘാത ലക്ഷണങ്ങളുണ്ടാവുന്നതെന്നും അത് പരിഹരിക്കാന്‍ ഉടന്‍ സര്‍ജറി വേണമെന്നും നിര്‍ദേശിച്ചിരിന്നു.

കേരളത്തിലെ വിവിധ ആശുപത്രികളിലെയും ബംഗളൂരുവിലെ സൗഖ്യ ഹോസ്പിറ്റല്‍, നാരായണ ഹൃദയാലയ തുടങ്ങി ആശുപത്രികളിലെയും വിദഗ്ധഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ തേടിയെങ്കിലും അവരെല്ലാവരും മഅ്ദനിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയമാക്കണമെന്ന് അഭിപ്രായപ്പെട്ടങ്കിലും കിഡ്‌നിയുടെ പ്രവര്‍ത്തനക്ഷമത (ക്രിയാറ്റിന്റെ അളവ് കൂടിയ സ്ഥിതി) വളരെ കുറഞ്ഞ സാഹചര്യത്തില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കുക എന്നത് അതീവസങ്കീര്‍ണമായിരിക്കുമെന്നാണ് ഡോക്ടര്‍മാരുടെയും അഭിപ്രായം. അഡ്വ.ഹാരിസ് ബീരാന്‍ മുഖേനയാണ് ഹരജി സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്തതെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.

Tags: