അയ്യപ്പന്റെ പേരില്‍ വോട്ട് അഭ്യര്‍ഥിച്ചു; സുരേഷ് ഗോപിക്ക് ജില്ലാ കലക്ടറുടെ നോട്ടീസ്

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കലക്ടര്‍ ടി വി അനുപമ നോട്ടീസ് നല്‍കിയത്. 48 മണിക്കൂറിനകം വിശദീകരണം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണോ എന്ന് നോക്കിയാവും വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ മറ്റ് നടപടികളിലേക്ക് കടക്കുക.

Update: 2019-04-06 17:07 GMT

കോഴിക്കോട്: അയ്യപ്പന്റെ പേരില്‍ വോട്ടഭ്യര്‍ഥിച്ച തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്കു ജില്ലാ കലക്ടര്‍ നോട്ടീസ് അയച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കലക്ടര്‍ ടി വി അനുപമ നോട്ടീസ് നല്‍കിയത്. 48 മണിക്കൂറിനകം വിശദീകരണം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണോ എന്ന് നോക്കിയാവും വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ മറ്റ് നടപടികളിലേക്ക് കടക്കുക.

വെള്ളിയാഴ്ച തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തു നടന്ന എന്‍ഡിഎയുടെ കണ്‍വന്‍ഷനിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദപ്രസംഗം. 'ശബരിമലയുടെ പശ്ചാത്തലത്തിലാണ് ഞാനീ വോട്ടിന് വേണ്ടി അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്. അയ്യന്‍ ഒരു വികാരമാണെങ്കില്‍ ഈ കിരാതസര്‍ക്കാരിനുള്ള മറുപടി ഈ കേരളത്തില്‍ മാത്രമല്ല, ഭാരതത്തില്‍ മുഴുവന്‍ അലയടിപ്പിച്ചിരിക്കും. അതുകണ്ട് ആരെയും കൂട്ടുപിടിക്കണ്ട, ഒരു യന്ത്രങ്ങളെയും കൂട്ടുപിടിക്കണ്ട. മുട്ടുമടങ്ങി വീഴാന്‍ നിങ്ങള്‍ക്ക് മുട്ടുണ്ടാവില്ല' എന്നിങ്ങനെയായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. പ്രസംഗത്തിലെ വിവാദഭാഗം നോട്ടീസില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

മാതൃകാ പെരുമാറ്റച്ചട്ടമനുസരിച്ച് ജാതിയുടെയും സാമുദായിക വികാരങ്ങളുടെയും പേരില്‍ വോട്ടുചോദിക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ ശബരിമല തിരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് പരാമര്‍ശിച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണ് സുരേഷ് ഗോപിയുടെ വാക്കുകളെന്ന് കലക്ടര്‍ നോട്ടീസില്‍ പറയുന്നു. തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് പകരമായാണ് രാജ്യസഭാ എംപിയായ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ഥിയായത്. 

Tags:    

Similar News