എന്‍സിപി പ്രതിഷേധം കലാപം സൃഷ്ടിക്കുമെന്ന് ഭരണകൂടം; ലക്ഷദ്വീപില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Update: 2022-03-20 18:23 GMT

കവരത്തി: ലക്ഷദ്വീപ് സര്‍ക്കാര്‍ നടത്തിവരുന്ന ജനദ്രോഹ നടപടികള്‍ക്കെതിരേ എന്‍സിപി ലക്ഷദ്വീപ് ഘടകം ആഹ്വാനം ചെയ്ത പ്രതിഷേധസമരം തിങ്കളാഴ്ച നടക്കാനിരിക്കെ ലക്ഷദ്വീപില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച് ഭരണകൂടം. ഞായറാഴ്ച രാത്രി പത്തുമണിയോടെ എല്ലാ ദ്വീപുകളിലും 144 പ്രകാരം നിരോധനാജ്ഞ നിലവില്‍ വന്നുവെന്നാണ് ഭരണകൂടം അറിയിച്ചിരിക്കുന്നത്. ജനങ്ങള്‍ സംഘടിക്കുന്നത് ഒഴിവാക്കാനാണ് 144 പ്രഖ്യാപിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെയാണ് നിരോധനാജ്ഞ. എന്നാല്‍, ഉത്തരവ് ഇറങ്ങിയ ഉടന്‍ രാത്രി പത്ത് മണിക്ക് മുമ്പ് പ്രകടനം നടത്തി നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചു.


 തിങ്കളാഴ്ചത്തെ എന്‍സിപി പ്രതിഷേധം കലാപം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് അഡ്മിനിസ്‌ട്രേഷന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രതിഷേധങ്ങള്‍ക്ക് തടയിടാനാണ് നടപടിയെന്ന് ലക്ഷദ്വീപ് എംപി പി പി മുഹമ്മദ് ഫൈസല്‍ വിമര്‍ശിച്ചു. ലക്ഷദ്വീപില്‍ ഭരണകൂടം ജനജീവിതത്തെ ബാധിക്കുന്ന നടപടികള്‍ കൊണ്ടുവന്നതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ സമരരംഗത്തിറങ്ങുന്നത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയും കപ്പല്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചുമെല്ലാം ഭരണകൂടം നടത്തുന്ന ജനദ്രോഹ നടപടികള്‍ക്കെതിരെയാണ് സമരം നടത്തുന്നത്.

സേവ് ലക്ഷദ്വീപ് ഫോറവും ഉടന്‍ സമരരംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയാണ് തലസ്ഥാനമായ കവരത്തിയില്‍ ലക്ഷദ്വീപ് എം പി ഫൈസലിന്റെ നേതൃത്വത്തില്‍ എന്‍സിപി ആഹ്വാനം ചെയ്ത പ്രതിഷേധ സമരം നടക്കുന്നത്. വിവിധ ദ്വീപുകളിലെ പ്രതിനിധികള്‍ ഇന്ന് വൈകുന്നേരത്തോടെ കവരത്തിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഭരണകൂടത്തിന്റെ നടപടിയുടെ അടിസ്ഥാനത്തില്‍ ഞായാഴ്ച രാത്രി ഏഴുമണിക്ക് കവരത്തിയില്‍ എന്‍സിപിയുടെ അടിയന്തരയോഗം ചേര്‍ന്നു.

ലക്ഷദ്വീപ് ഭരണകൂടം സമരം പരാജയപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. കവരത്തിയിലെ സെക്രട്ടേറിയറ്റിനു ചുറ്റും പ്രതിഷേധക്കാര്‍ക്കുള്ള സ്ഥാനവും ദൂരവും അടയാളപ്പെടുത്തിയിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി പ്രതിഷേധക്കാരെ നേരിടാന്‍ കഴിഞ്ഞദിവസം പോലിസ് സേനയ്ക്ക് മോക്ഡ്രില്‍ പരിശീലനം നല്‍കിയിരുന്നു. അതേസമയം, നാളെ നടക്കാനിരിക്കുന്ന സമരത്തെക്കുറിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്തിന്റെ പേരില്‍ കവരത്തി ഒമ്പതാം വാര്‍ഡ് പഞ്ചായത്ത് മെംബര്‍ ആസിഫ് അലിയെ കഴിഞ്ഞദിവസം അര്‍ധരാത്രിയില്‍ പോലിസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.

സമരം ചെയ്യുക എന്ന മൗലികാവകാശത്തെ സെക്ഷന്‍ 144 നടപ്പാക്കി തടയാന്‍ ശ്രമിക്കുകയാണ് ദ്വീപ് ഭരണകൂടമെന്നാക്ഷേപം. സമരം ജനകീയമാക്കി വിജയിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് എന്‍സിപി. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ദ്വീപില്‍ നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ആരാധനാലയങ്ങളില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ജുമുഅ നിസ്‌കാരമടക്കം അനുവദിച്ചിരുന്നില്ല. ടിപിആര്‍ നിരക്ക് പൂജ്യമായിട്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഭരണകൂട നടപടികള്‍ക്കെതിരായ പ്രതിഷേധം തടയാനാണെന്ന് ദ്വീപ് നിവാസികള്‍ കുറ്റപ്പെടുത്തിയിരുന്നു.

കൂട്ടപ്പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടികളും ദ്വീപ് ഭരണകൂടം നടത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍ കരാറടിസ്ഥാനത്തില്‍ നിയമിച്ചിരുന്ന 21ഓളം ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു. ഇതടക്കമുള്ള ഭരണകൂടനടപടികള്‍ക്കെതിരേ വന്‍ പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു. ഒരിടവേളയ്ക്കുശേഷം ഭരണകൂടത്തിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരേ വീണ്ടും പ്രതിഷേധം കടുപ്പിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ലക്ഷദ്വീപ് നിവാസികള്‍.

Tags:    

Similar News