'നിക്കറിട്ട് നാഗ്പൂരില്‍ പ്രസംഗിക്കുന്നതല്ല ദേശീയത'; ആര്‍എസ്എസിനെ കടന്നാക്രമിച്ച് സച്ചിന്‍ പൈലറ്റ്

. ദേശീയതയെന്നത് നിക്കറിട്ട് നാഗ്പൂരില്‍നിന്നു പ്രസംഗിക്കുന്നതല്ലെന്നും മറിച്ച് കര്‍ഷകരുടെ ക്ഷേമത്തിനെ കുറിച്ചു സംസാരിക്കുന്നതാണ് യഥാര്‍ഥ ദേശീയതെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

Update: 2021-01-04 09:09 GMT

ജയ്പുര്‍: രാജ്യത്തുടനീളം കര്‍ഷകപ്രതിഷേധം ശക്തി പ്രാപിക്കുന്നതിനിടെ ആര്‍എസ്എസ് നേതൃത്വത്തെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ദേശീയതയെന്നത് നിക്കറിട്ട് നാഗ്പൂരില്‍നിന്നു പ്രസംഗിക്കുന്നതല്ലെന്നും മറിച്ച് കര്‍ഷകരുടെ ക്ഷേമത്തിനെ കുറിച്ചു സംസാരിക്കുന്നതാണ് യഥാര്‍ഥ ദേശീയതെന്നും സച്ചിന്‍ പറഞ്ഞു.

ആര്‍എസ്എസ്സിന്റെ പേരെടുത്ത് പറയാതെ നാഗ്പൂരിനെ ഉദാഹരിച്ചായിരുന്നു സച്ചിന്റെ ഒളിയമ്പ്. രാജ്യത്ത് ശക്തമാകുന്ന കര്‍ഷകസമരത്തെ പിന്തുണച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.39 ദിവസം പിന്നിടുന്ന കര്‍ഷക സമരത്തില്‍, ഇതുവരെ അന്‍പതോളം കര്‍ഷകര്‍ മരിച്ചതായി സമരസമിതി നേതാക്കള്‍ വ്യക്തമാക്കുന്നു. ഇതിനിടെ, ഇന്നു സര്‍ക്കാരുമായി ഏഴാം വട്ട ചര്‍ച്ച നടക്കും. കഴിഞ്ഞ ബുധനാഴ്ച നടന്ന ആറാം വട്ട ചര്‍ച്ചയില്‍ 4 ആവശ്യങ്ങളില്‍ രണ്ടെണ്ണം അംഗീകരിക്കാന്‍ ധാരണയായിരുന്നു. ഇന്നു സമരം തീരുമെന്നു പ്രതീക്ഷിക്കുന്നതായി കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരി പറഞ്ഞു.

കേന്ദ്ര നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലുറച്ചാണു കൊടും ശൈത്യം വകവയ്ക്കാതെ ഡല്‍ഹി അതിര്‍ത്തികളില്‍ ആയിരക്കണക്കിനു കര്‍ഷകര്‍ തമ്പടിക്കുന്നത്.

അതേസമയം, ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷക സംഘടനകളും സര്‍ക്കാരും തമ്മിലുള്ള ഏഴാം വട്ട ചര്‍ച്ച ഇന്ന് ഡല്‍ഹി വിഖ്യാന്‍ ഭവനില്‍ നടക്കും. രണ്ട് സുപ്രധാനമായ ആവശ്യങ്ങളാണ് ഇന്ന് കര്‍ഷകര്‍ ഉയര്‍ത്തുക. ഇന്നത്തെ ചര്‍ച്ചയില്‍ നാല്‍പ്പത് യൂണിയനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. നേരത്തെ നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്ത കൃഷിമന്ത്രി നരേന്ദ്ര സിങ് തൊമര്‍, പിയൂഷ് ഗോയല്‍, സോം പ്രകാശ് അടക്കമുള്ളവരുടെ പാനലാണ് സര്‍ക്കാരിനെ പ്രതിനിധീകരിക്കുക.

Tags:    

Similar News