കൊല്ലത്ത് നീറ്റ് പരീക്ഷക്ക് അടിവസ്ത്രം അഴിപ്പിച്ച സംഭവം; പരീക്ഷ സമയത്തോ ശേഷമോ പരാതി ലഭിച്ചിട്ടില്ലെന്ന് എന്‍ടിഎ

Update: 2022-07-19 02:56 GMT

കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ). പരീക്ഷ സമയത്തോ പരീക്ഷക്ക് ശേഷമോ പരാതി ലഭിച്ചിട്ടില്ലെന്ന് പരീക്ഷ സെന്റര്‍ നിരീക്ഷകര്‍ എന്‍ ടി എക്ക് റിപ്പോര്‍ട്ട് നല്‍കി. എന്‍ടിഎക്ക് നേരിട്ട് പരാതി ലഭിച്ചിട്ടില്ലെന്നും വിശദീകരണം. ആരോപണം ഉയര്‍ന്ന തലത്തിലുള്ള സംഭവങ്ങള്‍ അനുവദിക്കില്ലെന്നും എന്‍ ടി എ പ്രതികരിച്ചു.

അതേസമയം, സംഭവത്തില്‍ ആയൂരിലെ പരീക്ഷ കേന്ദ്രത്തിനെതിരെ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്തെത്തി. മോശം അനുഭവമാണ് ഉണ്ടായതെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞ് കോളജില്‍ വച്ച് അടിവസ്ത്രം ഇടാന്‍ അനുവദിച്ചില്ലെന്നും പെണ്‍കുട്ടികള്‍ പരാതിപ്പെടുന്നു. എന്നാല്‍, താന്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി തെളിവ് കിട്ടിയിട്ടില്ലെന്നാണ് നീറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍ ജെ ബാബു പറയുന്നത്. വിവാദം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അന്വേഷിക്കും. ഇവരുടെ അന്വേഷണത്തിനൊടുവില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും നീറ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

സംഭവത്തില്‍ പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജന്‍സിയിലെ ജീവനക്കാര്‍ക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഏജന്‍സി ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്ന് കൊട്ടാരക്കര ഡിവൈഎസ്പി പറഞ്ഞു. അതേസമയം, പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം. വിഷയം ലോകസഭയില്‍ ഉന്നയിക്കുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി പറഞ്ഞു.

Tags: