ഹിന്ദുസേന സ്ഥാപിച്ച ഗോഡ്‌സെ പ്രതിമ കോണ്‍ഗ്രസ് തകര്‍ത്തു (വീഡിയോ)

Update: 2021-11-16 09:54 GMT

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയെ വെടിവച്ച് കൊന്ന നാഥുറാം വിനായക ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ച് ഹിന്ദുസേന പ്രവര്‍ത്തകര്‍. ബിജെപി ഭരിക്കുന്ന ഗുജറാത്തിലാണ് ഗാന്ധി ഘാതകന്റെ പ്രതിമ സ്ഥാപിച്ച് ഹിന്ദു സേന പ്രവര്‍ത്തകര്‍ പൂജയര്‍പ്പിച്ചത്. ഗോഡ്‌സെയെ തൂക്കിലേറ്റിയതിന്റെ 72 ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഹിന്ദുസേന പ്രവര്‍ത്തകന്‍ ഗുജറാത്തിലെ ജാംനഗറില്‍ പ്രതിമ സ്ഥാപിച്ചത്.

വിവരം അറിഞ്ഞെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ പാറക്കല്ല്‌ െകാണ്ട് പ്രതിമയുടെ മുഖം ഇടിച്ച് തകര്‍ത്ത് താഴെയിട്ടു. കോണ്‍ഗ്രസ് പ്രസിഡന്റ് ദിഗുഭ ജഡേജയുടെയും യുവാക്കളുടെയും നേതൃത്വത്തിലാണ് പ്രതിമ തല്ലിത്തകര്‍ത്തത്. കാവി പുതപ്പിച്ചാണ് ഹിന്ദു സേന പ്രവര്‍ത്തകര്‍ പ്രതിമ സ്ഥാപിച്ച് ആദരിച്ചത്. 'നാഥുറാം അമര്‍ രഹേ' എന്ന മുദ്രാവാക്യവും മുഴക്കിയാണ് ഹനുമാന്‍ ക്ഷേത്രത്തിന്റെ പരിസരത്ത് പ്രതിമ സ്ഥാപിച്ചത്. മറ്റ് ഇടങ്ങളില്‍ പ്രതിമ സ്ഥാപിക്കാന്‍ അനുവാദം ചോദിച്ചെങ്കിലും അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല. പ്രതിമ സ്ഥാപിച്ച വിവരം അറിഞ്ഞ കോണ്‍ഗ്രസുകാര്‍ പാഞ്ഞെത്തി പ്രതിമ തല്ലിത്തകര്‍ത്തു. പ്രതിമ നീക്കം ചെയ്തു.

മഹാത്മാഗാന്ധിയുടെ ഘാതകനെ തൂക്കിലേറ്റിയ ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയിലില്‍നിന്ന് കൊണ്ടുവന്ന മണ്ണുകൊണ്ട് ഗോഡ്‌സെയുടെ പ്രതിമ നിര്‍മിക്കുമെന്ന് ഹിന്ദു മഹാസഭ പ്രഖ്യാപിച്ചിരുന്നു. ഹിന്ദുമഹാസഭയുടെ നേതൃത്വത്തില്‍ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഗോഡ്‌സെ പൂജ നടത്തിയിരുന്നു. കേരളത്തില്‍ പാലക്കാട് ജില്ലയിലും ഹിന്ദുമഹാസഭയുടെ നേതൃത്വത്തില്‍ ഗോഡ്‌സേ പൂജ നടന്നു.

Tags:    

Similar News