പോലിസ് സ്‌റ്റേഷനുകളിലേക്ക് ബൊലേറോ ജീപ്പുകള്‍ വാങ്ങിയതിലും ദുരൂഹത
ഈ മാസം ആറിനാണ് 202 മഹീന്ദ്ര ബൊലേറോ ജീപ്പുകള്‍ മുഖ്യമന്ത്രി സേനക്ക് കൈമാറിയത്.
തിരുവനന്തപുരം: പോലിസ് സ്‌റ്റേഷനുകളിലേക്ക് മഹീന്ദ്ര ബൊലേറോ ജീപ്പുകള്‍ വാങ്ങിയതില്‍ ദുരൂഹത. ബിഎസ് 4 ഇനത്തില്‍പ്പെട്ട 202 ജീപ്പുകളാണ് അടുത്തിടെ വാങ്ങിയത്. മലിനീകരണത്തോത് കൂടുതലായതിനാല്‍ അടുത്ത മാസം 31ന് ശേഷം വിറ്റഴിക്കാന്‍ സാധിക്കാത്ത മോഡലാണ് ഇത്. ഇത് വാങ്ങിയത് കമ്പനിയെ സഹായിക്കാനാണെന്നാണ് ആരോപണം.
ഈ മാസം ആറിനാണ് 202 മഹീന്ദ്ര ബൊലേറോ ജീപ്പുകള്‍ മുഖ്യമന്ത്രി സേനക്ക് കൈമാറിയത്. ഒരു സ്‌റ്റേഷനില്‍ രണ്ട് ജീപ്പുകള്‍ കൊണ്ടുവരുന്നത് മുന്‍നിര്‍ത്തിയാണ് ജീപ്പുകള്‍ വാങ്ങിയതെന്ന് പോലിസ് പറയുന്നു. പക്ഷെ വാങ്ങിയ ജീപ്പുകള്‍ മുഴുവന്‍ കേന്ദ്രത്തിന്റെ വായുമലിനീകരണ തോത് അനുസരിച്ചുള്ള ഭാരത് സ്‌റ്റേജ് 4 ജീപ്പുകളാണ്. ഇത്തരം വാഹനങ്ങള്‍ മാര്‍ച്ച് 31 വരെ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. ഏപ്രില്‍ ഒന്ന് മുതല്‍ ഭാരത് 6 വാഹനങ്ങള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യാനാവുക. രജിസ്‌ട്രേഷന്‍ കാലാവധി തീരാന്‍ പോകുന്ന തരം വാഹനങ്ങള്‍ എന്തിന് വാങ്ങിക്കൂട്ടി എന്നതാണ് പ്രശ്‌നം.
ഹിന്ദുസ്ഥാന്‍ മോട്ടേഴ്‌സില്‍ നിന്ന് രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങണമെന്ന ഉത്തരവ് ഡിജിപി പുറപ്പെടുവിച്ചിരുന്നു. ഇതിന് എത്ര തുകയാണ് വേണ്ടതെന്നും, മുന്‍കൂറായി 30 ശതമാനം കമ്പനിക്ക് നല്‍കണമെന്നുമുള്ള കാര്യങ്ങള്‍ ഉത്തരവില്‍ ഡിജിപി വ്യക്തമാക്കിയിരുന്നു. ഇതിനായി ഡിജിപി നല്‍കിയ കാരണം ഓപണ്‍ ടെന്‍ഡര്‍ വിളിക്കുമ്പോള്‍ കാലതാമസം നേരിടും, സുരക്ഷയെ ബാധിക്കും എന്നിവയായിരുന്നു. എന്നാല്‍ 1,10,04,000 രൂപ ചെലവില്‍ രണ്ട് കാറുകള്‍ വാങ്ങാന്‍ എല്ലാ ചട്ടങ്ങളും ലംഘിച്ച് ഡിജിപി പുറപ്പെടുവിച്ച ഉത്തരവിനെ സാധൂകരിക്കുകയായാണ് സര്‍ക്കാര്‍ ചെയ്തത്.
അതേസമയം സ്വകാര്യ കമ്പനിയെ സഹായിക്കാന്‍ പഴയ വാഹനങ്ങള്‍ വാങ്ങിക്കൂട്ടുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ പ്രളയത്തില്‍ ഷോറൂമുകളില്‍ കെട്ടിക്കിടന്ന വാഹനങ്ങളാണിവയെന്നും ചെന്നിത്തല പറഞ്ഞു.
