എന്റെ അമ്മ മരിച്ചു, ലോക്ക്ഡൗണിൽ ഞാൻ കുടുങ്ങി': പൊട്ടിക്കരഞ്ഞ് ഡൽഹിയിലെ കുടിയേറ്റ തൊഴിലാളി

തിങ്കളാഴ്ചയാണ് അമ്മയുടെ മരണവാർത്തയറിഞ്ഞ് തന്റെ ഗ്രാമമായ ഭഗൽപൂരിലേക്ക് തിരിക്കാനായി ഡൽഹിയിലെ ആനന്ദ് വിഹാർ ബസ് ടെർമിനലിൽ എത്തിയത്

Update: 2020-03-31 08:07 GMT

ന്യൂഡൽഹി: ലോകമെമ്പാടും നാശം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ കുടിയേറ്റ തൊഴിലാളികളെ തള്ളിയിട്ടത് നരകയാതനകളിലേക്കാണ്. ഡൽഹിയിൽ കുടുങ്ങിയ ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ ടിപ്പു യാദവിന്റെ അനുഭവം കരളലിയിപ്പിക്കുന്നതാണ്.

തിങ്കളാഴ്ചയാണ് അമ്മയുടെ മരണവാർത്തയറിഞ്ഞ് തന്റെ ഗ്രാമമായ ബിഹാറിലെ ഭഗൽപൂരിലേക്ക് തിരിക്കാനായി ഡൽഹിയിലെ ആനന്ദ് വിഹാർ ബസ് ടെർമിനലിൽ എത്തിയത്. എന്നാൽ ബസ് കിട്ടാതെ വന്നപ്പോൾ യാദവ് പൊട്ടിക്കരയുകയായിരുന്നു. സഹായിക്കണമെന്ന് അധികൃതരോട് കേണപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.

അമ്മ മരണപ്പെട്ടെന്നും ലോക്ക്ഡൗൺ കാരണം ഞാനിവിടെ കുടുങ്ങിക്കിടക്കുകയാണെന്നും യാദവ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. കഴിഞ്ഞ 12 വർഷമായി ഞാൻ ഡൽഹിയിൽ താമസിക്കുന്നു. എന്റെ അച്ഛനും മറ്റ് കുടുംബാംഗങ്ങളും ഗ്രാമത്തിലാണ്. ഞാൻ ഒരു ദരിദ്രനാണ്. ദയവായി എന്നെ സഹായിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

കൊറോണ വൈറസിന്റെ വ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ കൂട്ടപ്പലായനത്തിന് വിധേയരാക്കിയിട്ടുണ്ട്. ബസ് ലഭിക്കാതെ വന്നപ്പോൾ രണ്ടിലധികം ദിവസമായി ഒന്നും കഴിക്കാത്ത പലരും കാൽനടയാത്ര ആരംഭിച്ചു. ശനിയാഴ്ച, ഗുജറാത്തിൽ നിന്നുള്ള നാല് കുടിയേറ്റ തൊഴിലാളികൾ പൽഘറിതേക്കുള്ള യാത്രയ്ക്കിടെ ഒരു ടെമ്പോ ഇടിച്ച് കൊല്ലപ്പെട്ടിരുന്നു.

മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു. അതേ ദിവസം, മധ്യപ്രദേശിലെ മൊറീനയിലുള്ള തന്റെ വീട്ടിലെത്താൻ ഡൽഹിയിൽ നിന്ന് 200 കിലോമീറ്റർ നടന്ന് പോയ 39 കാരൻ ആഗ്രയിൽ കുഴഞ്ഞുവീണ് മരിച്ചിരുന്നു.

Tags:    

Similar News