മുത്തൂറ്റ് മാനേജ്മെൻറ് നിഷേധാത്മക നിലപാട് തുടരുന്നു; ഒത്തുതീർപ്പ് ചർച്ച പരാജയം

പണിമുടക്ക് പിന്‍വലിച്ചാലും 40 തൊഴിലാളികളെ സസ്‌പെൻറ് ചെയ്ത് പുറത്തു നിര്‍ത്തും. ഏഴ്‌ തൊഴിലാളികളെ പിരിച്ചുവിട്ട നടപടിയില്‍ ഒരു പുനപരിശോധനയ്ക്കും തയ്യാറല്ല, തുടങ്ങിയ തൊഴിലാളി വിരുദ്ധ നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്.

Update: 2019-10-05 07:29 GMT

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് അനിശ്ചിതകാല പണിമുടക്ക് സമരം ഒത്തുതീര്‍പ്പാക്കാനായി നടത്തിയ ചർച്ച പരാജയം. കേരള ഹൈക്കോടതി നിയമിച്ച നിരീക്ഷകൻറെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നെങ്കിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല. തൊഴിലാളി സംഘടന ഉന്നയിച്ച പതിനേഴോളം ആവശ്യങ്ങളില്‍ ചുരുക്കം ചില കാര്യങ്ങളില്‍ മാത്രം പരസ്പരധാരണ ഉണ്ടാക്കി. ഇടക്കാല ശമ്പള വര്‍ധനവ് മാനേജ്‌മെന്റ് അനുഭാവപൂർവം പരിഗണിക്കാത്തതാണ് ചർച്ച പരാജയപ്പെടാൻ കാരണമായത്.

എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചാണ് ഹൈക്കോടതി നിരീക്ഷകൻറെ സാന്നിധ്യത്തിൽ ചർച്ച നടന്നത്. മുഴുവൻ തൊഴിലാളികൾക്കും ശമ്പളം വർധിപ്പിക്കാൻ മുത്തൂറ്റ് മാനേജ്മെൻറ് തയാറല്ലെന്ന് ചർച്ചയിൽ ആദ്യം നിലപാടെടുത്തു. അതേസമയം പണിമുടക്കിയവരില്‍ അപ്രന്റീസ് മുതല്‍ മാനേജര്‍മാര്‍ വരെ ഉണ്ടെന്നും, യൂനിയന് അതില്‍ ഒരു വിവേചനവും സാധ്യമല്ല എന്ന യൂനിയൻറെ ഉറച്ച നിലപാട് മാനേജ്‌മെന്റ് പിന്നീട് അംഗീകരിച്ചു.

പ്രശ്‌നം പൂര്‍ണമായി ഒത്തുതീര്‍പ്പാക്കി പണിമുടക്ക് പിന്‍വലിച്ചാലും 40 തൊഴിലാളികളെ സസ്‌പെൻറ് ചെയ്ത് പുറത്തു നിര്‍ത്തും. ഏഴ്‌ തൊഴിലാളികളെ പിരിച്ചുവിട്ട നടപടിയില്‍ ഒരു പുനപരിശോധനയ്ക്കും തയ്യാറല്ല, തുടങ്ങിയ തൊഴിലാളി വിരുദ്ധ നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. പ്രശ്‌നങ്ങള്‍ക്കെല്ലാം ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തിയാല്‍ സസ്‌പെന്‍ഷന്‍, ഡിസ്മിസല്‍ ഉള്‍പ്പെടെ എല്ലാ പ്രതികാര നടപടികളും അവസാനിപ്പിക്കണമെന്ന് ലേബര്‍ കമ്മീഷണറോടും നിരീക്ഷകനോടും തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടു.

4 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ പ്രതികാരനടപടികള്‍ അവസാനിപ്പിക്കുന്നതും മാന്യമായ ഇടക്കാല വര്‍ധനവ് നല്‍കുന്നതും സംബന്ധിച്ച ഒത്തുതീര്‍പ്പ് ആകാത്ത പശ്ചാത്തലത്തില്‍ പണിമുടക്കുമായി മുന്നോട്ട് പോകാന്‍ യൂനിയന്‍ തീരുമാനിച്ചു. മാനേജ്‌മെന്റ് പിരിച്ചുവിടല്‍ നടപടിക്കും, കൂട്ട സസ്‌പെന്‍ഷനും എതിരായി ശക്തമായ പ്രക്ഷോഭം മാനേജ്‌മെന്റ് നേരിടേണ്ടി വരുമെന്ന് യൂനിയന്‍ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

പണിമുടക്ക് ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സംയുക്തമായി സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് യൂനിയനും സിഐടിയു സംസ്ഥാന നേതൃത്വവും വ്യക്തമാക്കി. ബാക്കി നില്‍ക്കുന്ന വിഷയങ്ങളില്‍ തുടര്‍ ചര്‍ച്ച ഒക്ടോബര്‍ 10ന് മൂന്നു മണിക്ക് എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ച് ചേരാനും തീരുമാനമായി. 

Tags:    

Similar News