കൊറോണ: തബ്‌ലീഗ് ജമാഅത്തിനെതിരായ മാധ്യമ വേട്ടയ്‌ക്കെതിരേ മുസ്‌ലിം സംഘടനകളും നേതാക്കളും

വൈറസ് വ്യാപനം തടയുന്നതില്‍ വീഴ്ച സംഭവിക്കുകയും ലോക്ക്ഡൗണ്‍ ലംഘിച്ച് രാജ്യതലസ്ഥാനത്ത് നിന്നുണ്ടായ കൂട്ടപ്പലായനങ്ങള്‍ ലോകശ്രദ്ധ നേടുകയും ചെയ്ത പശ്ചാത്തലത്തില്‍ പാളിച്ച മറച്ചുപിടിക്കാനും കൂട്ടപ്പലായനങ്ങള്‍ മൂലം സംഭവിക്കാനിടയുള്ള സാമൂഹികവ്യാപനത്തിന് മുന്‍കൂര്‍ പ്രതികളെ നിശ്ചയിച്ചു നല്‍കാനുമാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.

Update: 2020-04-01 09:22 GMT

ന്യൂഡല്‍ഹി: കൊറോണ നിയന്ത്രണ മുന്നൊരുക്കങ്ങളില്‍ സര്‍ക്കാരിന് സംഭവിച്ച വീഴ്ച മറച്ചുവയ്ക്കാന്‍ തബ്‌ലീഗ് ജമാഅത്തിനെ കരുവാക്കി ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തിവരുന്ന വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരേ ശക്തമായ താക്കീതുമായി മുസ്‌ലിം സംഘടനകളും നേതാക്കളും.

വൈറസ് വ്യാപനം തടയുന്നതില്‍ വീഴ്ച സംഭവിക്കുകയും ലോക്ക്ഡൗണ്‍ ലംഘിച്ച് രാജ്യതലസ്ഥാനത്ത് നിന്നുണ്ടായ കൂട്ടപ്പലായനങ്ങള്‍ ലോകശ്രദ്ധ നേടുകയും ചെയ്ത പശ്ചാത്തലത്തില്‍ പാളിച്ച മറച്ചുപിടിക്കാനും കൂട്ടപ്പലായനങ്ങള്‍ മൂലം സംഭവിക്കാനിടയുള്ള സാമൂഹികവ്യാപനത്തിന് മുന്‍കൂര്‍ പ്രതികളെ നിശ്ചയിച്ചു നല്‍കാനുമാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. സര്‍ക്കാറിന്റെ പരാജയങ്ങളില്‍ നിന്നും കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധിയില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള വ്യക്തമായ തന്ത്രമാണ് തബ് ലീഗ് ജമാഅത്തിനെതിരേയുള്ള ഈ പൈശാചിക പ്രചാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

വേണ്ടത്ര മുന്നൊരുക്കമില്ലാതെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെതുടര്‍ന്ന് മര്‍ക്കസ് നിസാമുദ്ധീന്‍ ആസ്ഥാനത്ത് കുടുങ്ങിയപ്പോയ ചില തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതു മുതല്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ രാജ്യത്ത് വൈറസ് ബാധ പടരാന്‍ തബ് ലീഗ് ജമാഅത്ത് കാരണമായെന്ന തരത്തില്‍ വാര്‍ത്തകള്‍ ചമക്കുകയാണ്. രാജ്യത്ത് 35 പേര്‍ വൈറസ് ബാധയേറ്റ് മരിക്കുകയും 1397 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തപ്പോള്‍ മരിച്ചവരില്‍ ആറു പേര്‍ക്ക് മാത്രമാണ് നിസാമുദ്ധീനുമായി ബന്ധമുള്ളത്.

വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് നടക്കുന്ന വൃത്തികെട്ട രാഷ്ട്രീയക്കളിയാണ് തബ്‌ലീഗ് ജമാഅത്തിനെതിരേ നടക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അമീര്‍ സയ്യിദ് സദത്തുല്ല ഹുസൈനി ട്വീറ്റ് ചെയ്തു. വലിയതും പ്രധാനപ്പെട്ടതും നിരുത്തരവാദപരവുമായ ഒത്തുചേരലുകളെ അവഗണിച്ചാണ് മാധ്യമങ്ങള്‍ ഇതിനെ മാത്രം ഉയര്‍ത്തിക്കാട്ടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിസാമുദ്ദീന്‍ മര്‍ക്കസില്‍ നിന്ന് കണ്ടെത്തിയ കൊവിഡ് 19 കേസുകള്‍ക്ക് സാമുദായിക നിറം നല്‍കിയതിന് ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ് പ്രസിഡന്റ് മൗലാന സയ്യിദ് അര്‍ഷാദ് മദനിയും മാധ്യമങ്ങളെ കുറ്റപ്പെടുത്തി. ഒരു വിഭാഗം മാധ്യമങ്ങളും ചില ഗ്രൂപ്പുകളും സര്‍ക്കാരിന്റെ പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റം മഹാമാരിക്കെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഖിലേന്ത്യാ മുസ്ലിം മജ്ലിസെ മുശാവറ പ്രസിഡന്റ് നവീദ് ഹമീദ് സമാന നിലപാട് തന്നെയാണ് പ്രകടിപ്പിച്ചത്. പ്രതിസന്ധി നേരിടുന്ന ഈ മണിക്കൂറില്‍ മാധ്യമങ്ങളുടെ 'നിരുത്തരവാദപരവും സാമുദായികവുമായ' മനോഭാവം നിന്ദ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കുടുങ്ങിക്കിടക്കുന്ന അംഗങ്ങളെ അവരവരുടെ സ്ഥലങ്ങളിലേക്ക് എത്തിക്കാന്‍ അധികാരികളെ സമീപിച്ചിരുന്നുവെങ്കിലും ഖേദകരമെന്ന് പറയട്ടെ ഇക്കാര്യത്തില്‍ അവര്‍ തികഞ്ഞ അലംഭാവമാണ് പുലര്‍ത്തിയതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

രാജ്യത്ത് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് തബ്ലീഗി ജമാഅത്തിനെ ലക്ഷ്യമിടുന്നത് മോശം പ്രവണതയാണെന്ന് അഖിലേന്ത്യാ മില്ലി കൗണ്‍സില്‍ നേതാവ് ഡോ. മന്‍സൂര്‍ ആലം പറഞ്ഞു. ആസ്ഥാനത്ത് നിന്നു പുറത്തുകടക്കാന്‍ മര്‍കസ് അധികൃതകര്‍ അധികാരികളുടെ സഹായം തേടിയെങ്കിലും അവര്‍ നിസ്സഹരിക്കുകയായിരുന്നു.

മര്‍ക്കസ് നിസാമുദ്ദീനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാര്‍ ഒ എം എ സലാം പറഞ്ഞു. മതിയായ തയ്യാറെടുപ്പില്ലാതെ നടത്തിയ ലോക്ക് ഡൗണ്‍ മൂലം സംഭവിച്ച വന്‍വീഴ്ചകളില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാന്‍, ഡല്‍ഹി സംസ്ഥാന സര്‍ക്കാരും ഒരുപറ്റം മാധ്യമങ്ങളും തബ്ലീഗ് ജമാഅത്തിനെ ബലിയാടാക്കുകയാണ്. മതിയായ ആസൂത്രണമില്ലാതെ നടപ്പാക്കിയതു മൂലം, ലോക്ക് ഡൗണ്‍ കൊണ്ട് ഉദ്ദേശിച്ചതിനു വിരുദ്ധമായി, സാമൂഹിക അകലം പാലിക്കല്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. പകരം അത് ദുരന്തങ്ങള്‍ക്ക് കാരണമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ലോക്ക് ഡൗണ്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ മര്‍ക്കസ് നിസാമുദ്ദീന്‍ നേരത്തേ തീരുമാനിച്ചിരുന്ന എല്ലാ പരിപാടികളും മാറ്റിവയ്ക്കുകയും ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുകയും ചെയ്തിരുന്നു. ലോക്ക് ഡൗണ്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട നഗരമാണ് ഡല്‍ഹി. കേന്ദ്ര സര്‍ക്കാരും, ഡല്‍ഹി സര്‍ക്കാരും ഇതിന് തുല്യ ഉത്തരവാദികളാണ്. ആയിരക്കണക്കിന് വിശ്വാസികള്‍ ഒരുമിച്ചു കൂടുന്ന തബ്ലീഗ് മര്‍ക്കസ്, അപ്രതീക്ഷിതമായി നടപ്പാക്കിയ നിയന്ത്രണങ്ങള്‍ മൂലം പ്രതിസന്ധിയിലാവുകയായിരുന്നു. അവിടെയുള്ളവരെ സ്വദേശത്തേക്ക് അയയ്ക്കാന്‍ മര്‍ക്കസ് നേതൃത്വം അധികാരികളോട് അനുമതി തേടിയെങ്കിലും അത് അവഗണിക്കപ്പെടുകയായിരുന്നു. എങ്കിലും കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ എല്ലാ പരിപാടികളും നിര്‍ത്തിവച്ചു. പക്ഷേ ഗതാഗത സംവിധാനമോ, താമസസൗകര്യമോ സര്‍ക്കാര്‍ ലഭ്യമാക്കാത്തതു മൂലം അവിടെയെത്തിയവരെ മറ്റ് മാര്‍ഗമില്ലാതെ, മര്‍ക്കസ് അധികൃതര്‍ പള്ളിക്കുള്ളില്‍ തന്നെ താമസിപ്പിക്കുകയായിരുന്നു. അതിന്റെ പേരില്‍ മര്‍ക്കസിനെ കുറ്റപ്പെടുത്തുന്നത് കൃത്യമായ മാധ്യമ കുപ്രചാരണത്തിന്റെ ഭാഗമാണ്. ഇത്തരമൊരു സാഹചര്യത്തിന്റെ ഉത്തരവാദിത്തം മര്‍ക്കസിന്റെയും തലവന്‍ സഅദ് മൗലാനയുടെയും മേല്‍ക്കെട്ടിവയ്ക്കുന്നത് അപലപനീയമാണ്. മര്‍ക്കസിനെതിരേ അന്യായമായി ചുമത്തിയ കേസ് പിന്‍വലിക്കണം. അധികാരികളുടെ അനാസ്ഥമൂലമുണ്ടായ സാഹചര്യത്തിന് മര്‍ക്കസിനെയും തബ്ലീഗ് ജമാഅത്തിനെയും ക്രൂശിക്കുന്ന നടപടിയില്‍ നിന്ന് മാധ്യമങ്ങള്‍ പിന്‍മാറണമെന്ന് പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു. രാജ്യത്തുടനീളം കുടുങ്ങിക്കിടക്കുന്ന മുഴുവനാളുകള്‍ക്കും ഭക്ഷണവും താമസ സൗകര്യവും വൈദ്യസഹായവും ഉറപ്പാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പോപുലര്‍ ഫ്രണ്ട് അഭ്യര്‍ഥിച്ചു.

നന്മയുടെ പ്രചാരണത്തിന് ആത്മാര്‍ത്ഥമായ ത്യാഗപരിശ്രമങ്ങള്‍ നടത്തുന്ന തബ്‌ലീഗ് പ്രവര്‍ത്തനത്തിന്റെ കേന്ദ്രമായ മര്‍കസ് നിസാമുദ്ദീനിന് എതിരില്‍ മാധ്യമങ്ങളില്‍ വളരെയധികം മോശമായ പ്രചാരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് അങ്ങേയറ്റം ദുഃഖകരവും വര്‍ഗ്ഗീയതയുടെ പിന്‍ബലത്തോട് കൂടിയുള്ളതുമാണെന്ന് അഖിലേന്ത്യാ മുസ് ലിം പേഴ്‌സണല്‍ ലോബോര്‍ഡ് സെക്രട്ടറി ഖാലിദ് സൈഫുല്ലാ റഹ്മാനി പറഞ്ഞു.

കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെടുത്തി ന്യൂഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് മര്‍ക്കസിനും നേതാക്കള്‍ക്കുമെതിരേ നടന്നുകൊണ്ടിരിക്കുന്ന അപകീര്‍ത്തികരമായ പ്രചാരണം അപലപനീയമാണെന്നും ഉടന്‍ അവസാനിപ്പിക്കണമെന്നും എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. ചില മാധ്യമങ്ങള്‍ പക്ഷപാതപരമായി നടത്തുന്ന ഈ നികൃഷ്ടമായ പ്രചാരണം സാമുദായികവിദ്വേഷ വൈറസിന്റെ വ്യാപനത്തിനു മാത്രമേ സഹായിക്കുകയുള്ളൂ. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ മുന്‍കരുതലുകളില്ലാതെയും ആസൂത്രിതമല്ലാതെയുമുള്ള ലോക്ക് ഡൗണ്‍ പ്രഖ്യാപനമാണ് വലിയ തോതിലുള്ള ബഹുജനസമ്പര്‍ക്കങ്ങള്‍ക്കിടയായത്. അതിന്റെ ഉത്തരവാദിത്വവും പങ്കും മറച്ചുവയ്ക്കാനാവില്ല. തബ് ലീഗ് മര്‍ക്കസ് ഒരുതരത്തിലുള്ള നിയമമോ സുരക്ഷാനിര്‍ദേശങ്ങളോ ലംഘിച്ചിട്ടില്ല. ലോക്ക് ഡൗണ്‍ സമയത്ത് അവര്‍ക്ക് പ്രതിനിധികളെ പാര്‍പ്പിക്കേണ്ടിവന്നത് ഗതാഗതമോ താമസസൗകര്യമോ നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനാലാണ്. വൃത്തികെട്ട രാഷ്ട്രീയത്തിന്റെ സമയം ഇതല്ലെന്ന് രാജ്യത്തെ അധികാരികളെയും പാര്‍ട്ടികളെയും അദ്ദേഹം ഓര്‍മപ്പെടുത്തി. നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും യുപി മുഖ്യമന്ത്രി യോഗിയുടെ നേതൃത്വത്തില്‍ അയോധ്യയില്‍ നടന്ന യോഗത്തെ മറച്ചുപിടിക്കുകയും ചെയ്യുന്നത് ലജ്ജാകരമാണ്. തബ്ലീഗ് മര്‍ക്കസിനെ ലക്ഷ്യംവച്ച് നടത്തുന്ന കുപ്രചാരണം അവസാനിപ്പിക്കണമെന്നും നിഷ്പക്ഷമായും ഉത്തരവാദിത്വത്തോടുംകൂടി പെരുമാറാന്‍ എല്ലാവരും തയ്യാറാവണമെന്നും എം കെ ഫൈസി ആവശ്യപ്പെട്ടു. 

Tags:    

Similar News