'അവശവിഭാഗങ്ങളുടെ അധികാരപങ്കാളിത്തത്തില്‍ ലീഗിന്റെ പങ്ക് നിര്‍ണായകം'

മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ എന്‍ പി ചെക്കുട്ടി എഴുതിയ 'മുസ്‌ലിംലീഗ് കേരള ചരിത്രത്തില്‍' എന്ന പുസ്തകത്തെ സംബന്ധിച്ചു ഇസ്‌ലാമിക് യൂത്ത് സെന്ററില്‍ നടന്ന ചര്‍ച്ചയിലാണ് ഈ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നത്.

Update: 2021-01-28 05:21 GMT

കോഴിക്കോട്: സ്വാതന്ത്ര്യാനന്തര കേരളീയ സമൂഹത്തിന്റെ ജനാധിപത്യ വികസനത്തില്‍ നിര്‍ണായകമായ ഭിന്നവിഭാഗങ്ങളുടെ അധികാരപങ്കാളിത്ത പ്രക്രിയയില്‍ മുസ്‌ലിംലീഗിന്റെ പങ്ക് സുപ്രധാനമാണെന്നും സമകാല രാഷ്ട്രീയത്തില്‍ ഇസ്‌ലാംഭീതിയുടെ ആശയങ്ങള്‍ കരുത്തു നേടുന്ന പശ്ചാത്തലത്തില്‍ ഈ ചരിത്രവസ്തുതകള്‍ ഓര്‍മിക്കപ്പെടേണ്ടതാണെന്നും വിലയിരുത്തല്‍.

കേരളത്തിലെ മുസ്‌ലിംലീഗിന്റെ ചരിത്രം സംബന്ധിച്ചു മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ എന്‍ പി ചെക്കുട്ടി എഴുതിയ 'മുസ്‌ലിംലീഗ് കേരള ചരിത്രത്തില്‍' എന്ന പുസ്തകത്തെ സംബന്ധിച്ചു ഇസ്‌ലാമിക് യൂത്ത് സെന്ററില്‍ നടന്ന ചര്‍ച്ചയിലാണ് ഈ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നത്. ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ് ആണ് പുസ്തകം പ്രസാധനം ചെയ്തത്. ഐഒഎസ് കേരളാ ചാപ്റ്റര്‍ ഡയറക്റ്റര്‍ പ്രഫ. പി കോയ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.

മുസ്‌ലിം സാമുദായികരാഷ്ട്രീയവും ഇടതുപക്ഷവുമായി അമ്പതുകള്‍ മുതലേ അടുത്ത ബന്ധങ്ങള്‍ നിലനിന്നിരുന്നു എന്ന് ഇടതുപക്ഷ ചിന്തകനായ കെ എസ് ഹരിഹരന്‍ ചൂണ്ടിക്കാട്ടി. അറുപത്തിനാലിലെ പിളര്‍പ്പിനുശേഷം കേരളത്തില്‍ ഏറ്റവും മുഖ്യ കമ്മ്യൂണിസ്റ്റ് കക്ഷിയായി ഉയര്‍ന്നുവരാന്‍ സിപിഎമ്മിന് സഹായകമായത് 1965ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗുമായി ആ പാര്‍ട്ടിക്കു മലബാറില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ ഐക്യമാണ്. സിപിഐ അതില്‍ നിന്നും മാറിനിന്നു. നാല്പതോളം സീറ്റു സിപിഎം നേടി; അതേസമയം സിപിഐയ്ക്ക് കിട്ടിയത് വെറും മൂന്നുസീറ്റ്. ഈ ചരിത്രം ഇന്നും പ്രസക്തമായ ചില പാഠങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഹരിഹരന്‍ അഭിപ്രായപ്പെട്ടു.

സാമൂഹിക വിഭാഗങ്ങള്‍ക്ക് ന്യായമായ അധികാരപങ്കാളിത്തവും അവസരസമത്വവും ഉറപ്പാക്കാന്‍ ലീഗ് എന്നും മുന്നില്‍നിന്നു പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു ലീഗ് ചരിത്രകാരനും മുതിര്‍ന്ന പണ്ഡിതനുമായ എം സി വടകര പറഞ്ഞു. ലീഗിന്റെ ചരിത്രത്തില്‍ ആദ്യകാല നേതൃത്വം മുന്നോട്ടുവെച്ച സാമുദായിക പൊതുതാല്പര്യങ്ങളുടെ അജണ്ടയില്‍ പില്‍ക്കാലത്തു മാറ്റം വന്നതായും അതുകാരണം സമുദായത്തിനു പലപ്പോഴും ദോഷങ്ങള്‍ വരുത്തിവെക്കുന്ന അവസ്ഥ സമീപകാലത്തു സംജാതമായതായും മീഡിയാവണ്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സി ദാവൂദ് പറഞ്ഞു. സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ സജീവന്‍, ഗ്രന്ഥകാരനായ എന്‍ പി ചെക്കുട്ടി തുടങ്ങിയവരും സംസാരിച്ചു. കെ കമാല്‍ സ്വാഗതവും പി സാദിഖ് നന്ദിയും പറഞ്ഞു.

Tags: