ആര്‍എസ്എസ് കാര്യാലയത്തിലെ പരിപാടിയില്‍ മുസ് ലിംലീഗ് കൗണ്‍സിലര്‍ പങ്കെടുത്തത് വിവാദമാവുന്നു

പൗരത്വ വിഷയത്തിലും ഭരണകൂട ഭീകരതയിലും ആര്‍എസ്എസ്സിനും ബിജെപിക്കും എതിരേ പൊതു സമൂഹത്തില്‍ തന്നെ ഏറെ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുസ് ലിംലീഗ്കൗണ്‍സിലര്‍ സംഘപരിവാറിന്റെ ചടങ്ങില്‍ പങ്കെടുത്തത് പ്രദേശത്ത് വലിയ വിവാദമായിരിക്കുകയാണ്.

Update: 2020-10-08 11:28 GMT

കണ്ണൂര്‍: ആര്‍എസ്എസ് കാര്യാലയത്തില്‍ നടന്ന പരിപാടിയില്‍ മുസ് ലിംലീഗ് കൗണ്‍സിലര്‍ പങ്കെടുത്തത് വിവാദമാവുന്നു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി മുന്‍സിപ്പാലിറ്റി രണ്ടാം വാര്‍ഡ് പെരിയത്തിലെ ആര്‍എസ്എസ് കാര്യാലയമായി പ്രവര്‍ത്തിക്കുന്ന ശ്രീമാത നികേതനിലെ പരിപാടിയിലാണ് മുസ് ലിം ലീഗ് കൗണ്‍സിലര്‍ മുസ്തഫ രഹസ്യമായി പങ്കെടുത്തത്.

2019ല്‍ ധര്‍മ ഭാരതി ട്രസ്റ്റാണ് ശ്രീമാത നികേതന്‍ എന്ന പേരില്‍ കെട്ടിടം ഉദ്ഘാടനം ചെയ്തത്. ആര്‍എസ്എസ് കാര്യാലയമായി പ്രവര്‍ത്തിക്കുന്ന കെട്ടിടം മുന്‍ ഡിജിപി സെന്‍കുമാറാണ് ഉദ്ഘാടനം ചെയ്തത്. 2019 ഒക്ടോബര്‍ 27ന് നടന്ന കെട്ടിട ഉദ്ഘാടന ചടങ്ങിലേക്ക് സിപിഎം പ്രതിനിധിയായ മുന്‍സിപ്പല്‍ ചെയര്‍മാനേയും മുസ് ലിംലീഗ് കൗണ്‍സിലര്‍ മുസ്തഫയേയും ക്ഷണിച്ചിരുന്നു. എന്നാല്‍, നാട്ടുകാരുടേയും പാര്‍ട്ടി അണികളുടേയും എതിര്‍പ്പിനെ തുടര്‍ന്ന് ഇരുവരും പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. ഇതേ സ്ഥാപനത്തിലാണ് ഇക്കഴിഞ്ഞ സെപ്തംബര്‍ 26ന് നടന്ന പരിപാടിയില്‍ മുസ് ലിംലീഗ് കൗണ്‍സിലര്‍ രഹസ്യമായി പങ്കെടുത്തത്.

പൗരത്വ വിഷയത്തിലും ഭരണകൂട ഭീകരതയിലും ആര്‍എസ്എസ്സിനും ബിജെപിക്കും എതിരേ പൊതു സമൂഹത്തില്‍ തന്നെ ഏറെ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുസ് ലിംലീഗ് നേതാവ് സംഘപരിവാറിന്റെ ചടങ്ങില്‍ പങ്കെടുത്തത് പ്രദേശത്ത് വലിയ വിവാദമായിരിക്കുകയാണ്.

നേരത്തെ ഇരിട്ടി നഗരസഭയില്‍ ആര്‍എസ്എസ് സംസ്ഥാന നേതാവ് വല്‍സന്‍ തില്ലങ്കേരിയുടെ ഉടമസ്ഥതയിലുള്ള പ്രഗതി കോളജിന് എംപി ഫണ്ട് ലഭിക്കാന്‍ വേണ്ടി കൃത്രിമം കാണിച്ചത് വിവാദമായിരുന്നു. നഗരസഭയിലെ സിപിഎം-കോണ്‍ഗ്രസ്-മുസ് ലിംലീഗ് കൗണ്‍സിലര്‍മാര്‍ ഇതിന് കൂട്ടുനിന്നെന്ന ആരോപണം ഉയരുകയും എസ്ഡിപിഐ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിക്കെതിരേ യുഡിഎഫും രംഗത്ത് വന്നു. നഗരസഭാ അധികൃതരുടെ ആര്‍എസ്എസ് അനുകൂല നടപടികള്‍ മുന്‍പ് വിവാദമായത് വകവയ്ക്കാതെയാണ് ഇപ്പോള്‍ മുസ് ലിംലീഗ് കൗണ്‍സിലര്‍ ആര്‍എസ്എസ് കാരാല്യയത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്.

Tags:    

Similar News