ജയ് ശ്രീറാം വിളിച്ചില്ല; ജുമുഅ നമസ്‌കാരം കഴിഞ്ഞ് വരുമ്പോൾ മുസ്‌ലിം ബാലന് മർദനം

മുസ്‌ലിം തൊപ്പി ധരിക്കുന്നതിന് ഈ പ്രദേശത്ത് അനുവാദം ഇല്ലെന്നും അക്രമികള്‍ പറഞ്ഞതായി താജ് പോലീസിനോട് പറഞ്ഞു. ദൃക്‌സാക്ഷികളായ ചില കടക്കാരോട് രക്ഷിക്കണമെന്ന് അപേക്ഷിച്ചിട്ടും ആരും സഹായിച്ചില്ല

Update: 2019-06-29 16:28 GMT

ലഖ്നൗ: ജയ് ശ്രീറാം വിളിക്കാത്തതിന് ജുമുഅ നമസ്‌കാരം കഴിഞ്ഞ് വരുമ്പോൾ മുസ്‌ലിം ബാലന് മർദനം. ജയ് ശ്രീറാമിൻറെ പേരില്‍ രാജ്യത്ത് ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് ബൈക്കിലെത്തിയ സംഘം 'ജയ് ശ്രീറാം' വിളിക്കാന്‍ വിസമ്മതിച്ച 16കാരനായ മുഹമ്മദ് താജ്നെ ആക്രമിച്ചത്.

കാണ്‍പൂരിലെ കിദ്വായി നഗറിലെ വീട്ടിലേക്ക് വരുമ്പോഴാണ് അക്രമത്തിന് ഇരയായതെന്നാണ് ബാലന്റെ പരാതി. വെളളിയാഴ്ച ജുമുഅ നമസ്‌കാരം കഴിഞ്ഞ് തൊപ്പി ധരിച്ച് വീട്ടിലേക്ക് വരുമ്പോള്‍ വീടിന്റെ തൊട്ടടുത്ത് വെച്ച് ബൈക്കിലെത്തിയ നാല് പേര്‍ തന്നോട് തൊപ്പി അഴിച്ച് കളയാന്‍ ആവശ്യപ്പെട്ടെന്നും തൊപ്പി അഴിച്ചതിന് ശേഷം ജയ് ശ്രീറാം വിളിക്കാന്‍ പറഞ്ഞെന്നും താജ് പറയുന്നു. ഇത് സാധിക്കില്ലെന്ന് പറഞ്ഞതിനാണ് ആക്രമിച്ചതെന്ന് താജ് വ്യക്തമാക്കി.

മുസ്‌ലിം തൊപ്പി ധരിക്കുന്നതിന് ഈ പ്രദേശത്ത് അനുവാദം ഇല്ലെന്നും അക്രമികള്‍ പറഞ്ഞതായി താജ് പോലീസിനോട് പറഞ്ഞു. ദൃക്‌സാക്ഷികളായ ചില കടക്കാരോട് രക്ഷിക്കണമെന്ന് അപേക്ഷിച്ചിട്ടും ആരും സഹായിച്ചില്ലെന്നും വഴിയാത്രക്കാരായ ചിലര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് അക്രമികള്‍ സ്ഥലം വിട്ടതെന്നും താജ് മൊഴിയില്‍ വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് കേസെടുത്തു. 

Tags:    

Similar News