ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന് ഓട്ടോ ഡ്രൈവറെ തല്ലിച്ചതച്ചു
കാണ്‍പൂരിലെ ബാബു പൂര്‍വയിലാണ് സംഭവം നടന്നതെന്ന് അമര്‍ ഉജാല റിപോര്‍ട്ട് ചെയ്തു. ആതിബ് എന്ന യുവാവിനെ സുലഭ് ടോയ്‌ലറ്റില്‍ കെട്ടിയിട്ടാണ് ഇഷ്ടികയും കല്ലും കൊണ്ട് മര്‍ദ്ദിച്ചത്
കാണ്‍പൂര്‍: ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ജയ ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന് ഓട്ടോറിക്ഷാ ഡ്രൈവറെ മൂന്നുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി റിപോര്‍ട്ട്. കാണ്‍പൂരിലെ ബാബു പൂര്‍വയിലാണ് സംഭവം നടന്നതെന്ന് അമര്‍ ഉജാല റിപോര്‍ട്ട് ചെയ്തു. ആതിബ് എന്ന യുവാവിനെ സുലഭ് ടോയ്‌ലറ്റില്‍ കെട്ടിയിട്ടാണ് ഇഷ്ടികയും കല്ലും കൊണ്ട് മര്‍ദ്ദിച്ചത്
സുമിത്, രാജേഷ്, ശിവ എന്നിവര്‍ ആതിബിനെ ഓട്ടം വിളിക്കുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. സ്ഥലത്തെത്തിയപ്പോള്‍ തങ്ങളുടെ കൈയില്‍ പണമില്ലെന്ന് പറഞ്ഞ് അവര്‍ ആതിബുമായി വഴക്കിടാന്‍ ആരംഭിച്ചു. അതിനിടയിലാണ് ആതിബിനോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ആതിബ് അതിന് സമ്മതിച്ചില്ല. തുടര്‍ന്ന് സമീപത്തുള്ള സുലഭ് ടോയ്‌ലറ്റിലേക്കു വലിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു.
പ്രദേശവാസികള്‍ ഇതിനെതിരേ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി ആതിബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആതിബിന്റെ നില ഗുരതരമായി തുടരുകയാണ്. മൂന്ന് പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
അതേ സമയം, പ്രതികള്‍ മദ്യപിച്ച് വഴിക്കിട്ടതാണെന്നും ആതിബിനോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സൗത്ത് പോലിസ് സൂപ്രണ്ട് രവീണ ത്യാഗി അവകാശപ്പെട്ടതായി അമര്‍ ഉജാല റിപോര്‍ട്ട് ചെയ്തു.