കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൊലപാതകം: 15 വര്‍ഷത്തിനു ശേഷം ഇന്ന് വിധി പറയും

സിപിഎം പ്രവര്‍ത്തകനായ നാദാപുരം കക്കട്ട് അമ്പലക്കുളങ്ങരയിലെ കല്ലുപുരയില്‍ കെ പി രവീന്ദ്രന്‍(48) ആണ് 2004 ഏപ്രില്‍ ആറിന് കൊല്ലപ്പെട്ടത്

Update: 2019-07-05 05:20 GMT

കണ്ണൂര്‍: കേരളത്തിലെ ജയിലില്‍ നടന്ന ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായ രവീന്ദ്രന്‍ വധക്കേസില്‍ കോടതി ഇന്ന് വിധി പറയും. കൊലപാതകം നടന്ന് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണു തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പ്രഖ്യാപിക്കുന്നത്. സിപിഎം പ്രവര്‍ത്തകനായ നാദാപുരം കക്കട്ട് അമ്പലക്കുളങ്ങരയിലെ കല്ലുപുരയില്‍ കെ പി രവീന്ദ്രന്‍(48) ആണ് 2004 ഏപ്രില്‍ ആറിന് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു കൊല്ലപ്പെട്ട രവീന്ദ്രന്‍. ജയില്‍ ബ്ലോക്കില്‍ ഫാന്‍ ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിക്കുകയും ഏറ്റുമുട്ടലിനിടയില്‍ ഇരുമ്പുപാര കൊണ്ടുള്ള അടിയേറ്റ് തല പിളര്‍ന്ന രവീന്ദ്രന്‍ പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ മരണപ്പെടുകയുമായിരുന്നു. സംഭവം കഴിഞ്ഞ് മൂന്നാം വര്‍ഷം അന്നത്തെ കണ്ണൂര്‍ ടൗണ്‍ സിഐ പി ബി പ്രശോഭ് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മജിസ്‌ട്രേറ്റ് സി സൗന്ദരേഷ് കേസ് പിന്നീട് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തിരുന്നു.

    20 ജീവപര്യന്ത തടവുകാരും 11 വിചാരണ തടവുകാരും ഉള്‍പ്പെടെ 31 ആര്‍എസ്എസ് പ്രവര്‍ത്തകരാണു പ്രതികള്‍. ഏഴാം ബ്ലോക്കിന് മുന്നിലുണ്ടായ ആക്രമണത്തില്‍ ജയിലിലെ എട്ടാം ബ്ലോക്കിലെ സ്‌റ്റോര്‍ റൂമില്‍ സൂക്ഷിച്ച ആയുധങ്ങളാണ് ഉപയോഗിച്ചതെന്നു കണ്ടെത്തിയിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ വധശ്രമക്കേസിലെ പ്രതി ദിനേശന്‍, വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും റിമാന്‍ഡ് തടവുകാരുമായ എച്ചിലാട്ടുചാലില്‍ പവിത്രന്‍, ഫല്‍ഗുനന്‍, രഘു, ദിനേശന്‍, സനല്‍പ്രസാദ്, ശശി തുടങ്ങിയവരാണ് പ്രതികള്‍. ഇരുമ്പുപട്ട, ഇരുമ്പുവടി, മരവടി എന്നിവ ഉപയോഗിച്ച് ആക്രമിച്ചെന്നാണ് കേസ്. ആക്രമണത്തില്‍ തടവുകാരായ വളയം സ്വദേശി രാജു, പാലക്കാട്ടെ രാഗേഷ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. മറ്റൊരു കേസില്‍ ആന്ധ്രയിലെ ജയിലില്‍ കഴിഞ്ഞിരുന്ന ദിനേശന്‍, മറ്റ് പ്രതികളായ രാകേഷ്, ശ്രീലേഷ് എന്നിവര്‍ വിചാരണയ്ക്ക് ഹാജരാവാത്തതാണു വിചാരണ വൈകാന്‍ കാരണമായത്. കൊലപാതകത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന ആയുധങ്ങള്‍ ജയിലിനുള്ളില്‍ നിന്നു അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ജയില്‍ ഉദ്യോഗസ്ഥരും തടവുകാരും ഉള്‍പ്പെടെ 71 സാക്ഷികളാണുള്ളത്. ഒന്നാം സാക്ഷി ജയില്‍ ഉദ്യോഗസ്ഥന്‍ പ്രവീണും രണ്ടാംസാക്ഷി ശശീന്ദ്രനുമാണ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം കെ ദിനേശന്‍, എന്‍ ഷംസുദ്ദീന്‍ എന്നിവരും പ്രതിഭാഗത്തിനായി അഡ്വ. പി എസ് ശ്രീധരന്‍ പിള്ള, എന്‍ ഭാസ്‌കരന്‍ നായര്‍ എന്നിവരുമാണ് ഹാജരായിരുന്നത്.



Tags: