മൂന്നാര്‍ പെട്ടിമുടി ദുരന്തം: നഷ്ടപരിഹാരത്തുക 10 ലക്ഷമായി വര്‍ധിപ്പിക്കണം- എസ്ഡിപിഐ

ആദ്യഘട്ട ധനസഹായമെന്ന പേരില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച അഞ്ചു ലക്ഷം ഇനി വര്‍ധിപ്പിക്കില്ല എന്ന പിടിവാശി മുഖ്യമന്ത്രി ഉപേക്ഷിക്കണം.

Update: 2020-08-14 13:09 GMT

തിരുവനന്തപുരം: മൂന്നാര്‍ പെട്ടിമുടിയില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട എല്ലാവരുടെയും ആശ്രിതര്‍ക്ക് സര്‍ക്കാരിന്റെ നഷ്ടപരിഹാരത്തുക 10 ലക്ഷമായി വര്‍ധിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി. ആദ്യഘട്ട ധനസഹായമെന്ന പേരില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച അഞ്ചു ലക്ഷം ഇനി വര്‍ധിപ്പിക്കില്ല എന്ന പിടിവാശി മുഖ്യമന്ത്രി ഉപേക്ഷിക്കണം.

രാഷ്ട്രീയ സമ്മര്‍ദ്ദ ശക്തിയല്ലെങ്കിലും തോട്ടംതൊഴിലാളികളെ മനുഷ്യരായെങ്കിലും കണക്കാക്കണം. ആയുസ് മുഴുവനും അധ്വാനിച്ചിട്ടും തൊഴിലാളികള്‍ക്ക് സ്വന്തമായി ഒരു തുണ്ടി ഭൂമിയോ താമസിക്കാന്‍ സുരക്ഷിതമായ വീടോ ഇല്ല എന്നതിന് ഉത്തരവാദികള്‍ മാറി മാറി സംസ്ഥാനം ഭരിച്ച മുന്നണികളാണ്. പതിറ്റാണ്ടുകള്‍ പഴക്കംചെന്ന പൊട്ടിപ്പൊളിഞ്ഞ ഒറ്റമുറി വീടുകളിലാണ് ഈ കുടുംബാംഗങ്ങള്‍ താമസിച്ചിരുന്നതെന്നത്. ഇടതുസര്‍ക്കാരിന്റെ വായ്ത്താരികളുടെ പൊള്ളത്തരമാണ് വെളിവാക്കുന്നത്. ദുരന്തമുണ്ടായി അഞ്ചുദിവസത്തിനു ശേഷമാണ് മുഖ്യമന്ത്രിപോലും അവിടെ എത്തിയത്. ദുരന്തത്തില്‍ ഉറ്റവരെയും വീടും നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കണ്ണന്‍ ദേവന്‍ കമ്പനിയില്‍ നിന്ന് 25 ലക്ഷം രൂപ വീതം വാങ്ങി നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. തോട്ടം തൊഴിലാളികള്‍ക്ക് സ്വന്തമായി ഭൂമി നല്‍കാന്‍ കമ്പനി തയ്യാറാവണം.

അതു വാങ്ങി നല്‍കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം. തൊഴിലാളികളുടെ രക്തം കൊണ്ടു തന്നെയാണ് കമ്പനിയും കോര്‍പറേറ്റുകളും സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഭൂമാഫിയകളും തഴച്ചു വളര്‍ന്നിട്ടുള്ളത്. കോര്‍പറേറ്റുകള്‍ക്കുവേണ്ടി ചോര നീരാക്കുന്ന തൊഴിലാളികള്‍ കാലികളേക്കാള്‍ മോശമായ അവസ്ഥയിലാണ് താമസിക്കുന്നത്. ഈ അവസ്ഥയ്ക്ക് ഇനിയെങ്കിലും അറുതിയാവേണ്ടതുണ്ട്. തെറ്റുകള്‍ തിരുത്തുന്നതിന് ദുരന്തങ്ങള്‍ ആവര്‍ത്തിക്കേണ്ട അവസ്ഥയുണ്ടാവരുത്. ഇനി ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള അടിയന്തരവും കാര്യക്ഷമവുമായ നടപടികളുണ്ടാവണം. ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും സന്ദര്‍ശനം കേവലം ചടങ്ങുകളായി മാറരുതെന്നും തോട്ടം തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മൂവാറ്റുപുഴ അഷറഫ് മൗലവി ആവശ്യപ്പെട്ടു.

Tags:    

Similar News