മയക്കുമരുന്ന് കടത്ത്: അദാനി പോര്‍ട്ടിന്റെ നിരോധനം അസന്തുലിതാവസ്ഥ ഉണ്ടാക്കുമെന്ന് ഇറാന്‍

മുന്ദ്ര തുറമുഖത്ത് 2,988.21 കിലോഗ്രാം ഹെറോയിന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

Update: 2021-10-15 05:13 GMT

തെഹ്‌റാന്‍: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വന്‍തോതില്‍ മയക്കുമരുന്ന് കടത്ത് പിടിക്കപ്പെട്ടതിന് പിന്നാലെ അദാനി പോര്‍ട്ടും പ്രത്യേക സാമ്പത്തിക മേഖലയും ഇറാന്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു കണ്ടെയ്‌നര്‍ ചരക്കും നവംബര്‍ 15 മുതല്‍ കൈകാര്യം ചെയ്യില്ലെന്ന തീരുമാനത്തിനെതിരേ ഇറാന്‍ രംഗത്ത്. ചരക്കുകള്‍ നിരോധിക്കുന്നത് പ്രൊഫഷണലിസമല്ലെന്നും അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നും ഇറാന്‍ കുറ്റപ്പെടുത്തി.

മുന്ദ്ര തുറമുഖത്ത് 2,988.21 കിലോഗ്രാം ഹെറോയിന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. രണ്ട് കണ്ടെയ്‌നറുകളില്‍ നിന്നാണ് ഹെറോയിന്‍ പിടിച്ചെടുത്തത്. 'സെമിപ്രോസസ്ഡ് ടാല്‍ക്ക് കല്ലുകള്‍' എന്ന പേരിലാണ് ഹെറോയിന്‍ കടത്തിയത്. അഫ്ഗാനിസ്താനില്‍ നിന്ന് ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖം വഴിയാണ് ഹെറോയിന്‍ എത്തിയത്.

ഇന്ത്യയിലെയും ഇറാനിലെയും പോലിസും മയക്കുമരുന്ന് നിയന്ത്രണ അതോറിറ്റിയും ഈ മേഖലയില്‍ അനധികൃത മയക്കുമരുന്ന് കടത്ത് വര്‍ധിച്ചതിന്റെ ഫലമായുണ്ടായ ആശങ്കകളും വെല്ലുവിളികളും ചര്‍ച്ച ചെയ്യുകയും പരിശോധിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഒരു പ്രസ്താവനയില്‍ ന്യൂഡല്‍ഹിയിലെ ഇറാനിയന്‍ എംബസി പറഞ്ഞു.

നിരവധി പതിറ്റാണ്ടുകളായി, അഫ്ഗാനിസ്താനില്‍ നിന്നുള്ള മയക്കുമരുന്ന് ഉല്‍പാദനവും അതിന്റെ സംഘടിതമായ കടത്തലും ഇറാനും ലോകത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കും ഒരു വലിയ ഭീഷണിയാണ്. ഈ ആഗോള പ്രശ്‌നത്തിനെതിരെ എല്ലാ രാജ്യങ്ങളുടേയും സഹകരണവും ഒരുമിച്ചുള്ള പോരാട്ടവും അനിവാര്യമാണെന്ന് എംബസി കൂട്ടിച്ചേര്‍ത്തു.

Similar News