കനത്ത മഴ തുടരുന്നു; മുംബൈ നഗരം വെള്ളത്തില്‍, ജാഗ്രത പാലിക്കാന്‍ നിര്‍ദേശം (വീഡിയോ)

Update: 2022-07-05 06:09 GMT

മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് മുംബൈ നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമായി. നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിലായി. ഇന്നലെ രാത്രി മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ആരംഭിച്ച കനത്ത മഴ ഇപ്പോഴും തുടരുകയാണ്. സയണ്‍ പ്രദേശത്തെ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി.

അന്ധേരി ഭാഗത്തുള്ള ജനങ്ങള്‍ മുട്ടോളം വെള്ളത്തിലൂടെ നടന്നുനീങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നു. റെയില്‍വേ ട്രാക്കിലും വെള്ളം കയറിയതോടെ പലയിടത്തും ട്രെയിന്‍, ബസ് ഗതാഗതം ഭാഗികമായി മുടങ്ങി. കനത്ത മഴ പെയ്തതോടെ നഗരത്തിന്റെ ചില ഭാഗങ്ങളില്‍ വെള്ളക്കെട്ടും കനത്ത ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.


 സെന്‍ട്രല്‍ റെയില്‍വേ, വെസ്‌റ്റേണ്‍ റെയില്‍വേ റൂട്ടുകളില്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ സാധാരണഗതിയില്‍ ഓടുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനാല്‍ ചില റൂട്ടുകളിലെ ബസ്സുകള്‍ വഴിതിരിച്ചുവിട്ടു. ചൊവ്വാഴ്ച രാവിലെ 8 മണിക്ക് അവസാനിച്ച 24 മണിക്കൂറിനുള്ളില്‍ നഗരത്തില്‍ ശരാശരി 95.81 മില്ലിമീറ്റര്‍ മഴ ലഭിച്ചു, അതേ കാലയളവില്‍ കിഴക്കന്‍, പടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളില്‍ യഥാക്രമം 115.09 മില്ലിമീറ്ററും 116.73 മില്ലിമീറ്ററും മഴ പെയ്തതായി അധികൃതര്‍ അറിയിച്ചു.


 വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് നഗരം കനത്ത ജാഗ്രതയിലാണ്. മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ ദേശീയ ദുരന്തനിവാരണ സേന ടീമുകളെ വിന്യസിച്ചിട്ടുണ്ട്.

മുംബൈയിലെയും സമീപ ജില്ലകളിലെയും അധികൃതര്‍ ജാഗ്രത പാലിക്കണമെന്നും വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മഹാരാഷ്ട്ര നിയുക്ത മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറി മനുകുമാര്‍ ശ്രീവാസ്തവയുമായി ചര്‍ച്ച നടത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ബന്ധപ്പെട്ട എല്ലാ ജില്ലകളിലെയും ഗാര്‍ഡിയന്‍ സെക്രട്ടറിമാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചതായി അദ്ദേഹത്തിന്റെ ഓഫിസ് ട്വീറ്റ് ചെയ്തു.


Tags:    

Similar News