വാക്കുകള്‍ ഇടറി; കൊല്ലപ്പെട്ടവരുടെ വീട്ടില്‍ നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞ് മുല്ലപ്പള്ളി

ദുഃഖം താങ്ങാനാവാതെ നിലത്തു വീണ് കരയുകയായിരുന്ന ശരത്തിന്റെ സഹോദരി അമൃതയെയും പിതാവ് സത്യനെയും ആശ്വസിപ്പിക്കവെയാണ് മുല്ലപ്പള്ളി നിയന്ത്രണം വിട്ട് കരഞ്ഞത്. കൊലപാതകം നടത്തിയിട്ടു കയ്യൊഴിയുന്നത് സിപിഎമ്മിന്റെ സ്ഥിരം രീതിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Update: 2019-02-18 11:39 GMT

കാസര്‍കോട്: കഴിഞ്ഞദിവസം വെട്ടേറ്റ് മരിച്ച യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും വീട്ടില്‍ വികാര നിര്‍ഭരമായ രംഗങ്ങള്‍. ഇരുവരുടെയും വീട്ടിലെത്തിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. ദുഃഖം താങ്ങാനാവാതെ നിലത്തു വീണ് കരയുകയായിരുന്ന ശരത്തിന്റെ സഹോദരി അമൃതയെയും പിതാവ് സത്യനെയും ആശ്വസിപ്പിക്കവെയാണ് മുല്ലപ്പള്ളി നിയന്ത്രണം വിട്ട് കരഞ്ഞത്. കൊലപാതകം നടത്തിയിട്ടു കയ്യൊഴിയുന്നത് സിപിഎമ്മിന്റെ സ്ഥിരം രീതിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീടു സന്ദര്‍ശിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കൊല്ലുക പണം പിരിക്കുക തടിച്ചു കൊഴുക്കുക നടക്കുക എന്നതു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സ്ഥിരം ശൈലിയാണ്. അതിനു ശേഷം അവര്‍ ഞങ്ങള്‍ അറിയില്ല. പാര്‍ട്ടി അറിയില്ല എന്നൊക്കെ പറയും. നാണം കെട്ട പാര്‍ട്ടിയാണ് സിപിഎം. പാവപ്പെട്ട തൊഴിലാളികളാണ് ഇവരാല്‍ മരിക്കുന്നത്. ഇവരൊക്കെ തൊഴിലാളി കുടുംബങ്ങളാണ്.

മുഖ്യമന്ത്രിയുടെ മുന്നില്‍ കിട്ടിയൊരു അവസരമാണിത്. ദയവു ചെയ്ത് ആയുധം വയ്ക്കാന്‍ അണികളോട് ആവശ്യപ്പെടണം. അങ്ങനെ ചെയ്താല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അക്രമരാഷ്ട്രീയം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ സാധിക്കും. അതിനുള്ള രാഷ്ട്രീയമായ തന്റേടവും വിവേകവുമാണു മുഖ്യമന്ത്രി കാണിക്കേണ്ടത്. അല്ലാതെ ഭീരുവിനെപ്പോലെ വീണ്ടും അക്രമത്തിനു നേതൃത്വം കൊടുക്കുകയല്ല ചേയ്യേണ്ടത്. വളരെ ദയനീയമാണ് ഇവിടത്തെ ചുറ്റുപാട്. പെരിയയില്‍ കൊല്ലപ്പെട്ട രണ്ടു യുവാക്കളുടെയും വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. അതു മാത്രം അദ്ദേഹം ചെയ്താല്‍ മതിയെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. കൃപേഷിന്റയും ശരത്‌ലാലിന്റെയും മൃതദേഹങ്ങള്‍ പരിയാരത്ത് നിന്ന് വിലാപയാത്രയായി പെരിയയിലേക്ക് പുറപ്പെട്ടു. ആറിടങ്ങളില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെക്കും.

Tags: