ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് മുഈനലി തങ്ങള്‍ വിമത യോഗത്തില്‍

കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ ഇന്ന് വൈകീട്ട് നടന്ന ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ പ്രഖ്യാപനത്തിലും അനുസ്മരണ സമ്മേളനത്തിലുമാണ് ഉദ്ഘാടകനായി മുഈനലി ശിഹാബ് തങ്ങള്‍ സംബന്ധിച്ചത്.

Update: 2022-10-18 11:57 GMT

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: മുസ്‌ലിം ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും അന്തരിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ മൂത്ത മകനുമായ മുഈനലി ശിഹാബ് തങ്ങള്‍ മുസ്‌ലിം ലീഗ് വിമത യോഗത്തില്‍. കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ ഇന്ന് വൈകീട്ട് നടന്ന ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ പ്രഖ്യാപനത്തിലും അനുസ്മരണ സമ്മേളനത്തിലുമാണ് ഉദ്ഘാടകനായി മുഈനലി ശിഹാബ് തങ്ങള്‍ സംബന്ധിച്ചത്.

ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചതിന് പാര്‍ട്ടി നടപടി സ്വീകരിച്ച ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ഹംസയുടെ നേതൃത്വത്തിലായിരുന്നു വിമത യോഗം. കോഴിക്കോട് ജില്ലയിലെ ലീഗ് ജില്ലാ നേതാക്കളും നേരത്തേ സംഘടനാതലത്തില്‍ നടപടിക്കിരയായ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ് നേതാക്കളുമാണ് യോഗത്തില്‍ സംബന്ധിച്ചത്.

നേതൃത്വത്തെ ഞെട്ടിച്ച സംഭവം പാര്‍ട്ടിയില്‍വരും ദിവസങ്ങളില്‍ വന്‍വിവാദത്തിന് തിരികൊളുത്തിയേക്കും. നേരത്തേ കോഴിക്കോട് ലീഗ്ഹൗസില്‍ മുസ്‌ലിം യൂത്ത് ലീഗ് നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ അപ്രതീക്ഷിതമായി എത്തി മുഈനലി തങ്ങള്‍ പി കെ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ച് വന്‍വിവാദം സൃഷ്ടിച്ചിരുന്നു.

അടുത്തിടെ വിവിധ വിഷയങ്ങളില്‍ നേതൃത്വത്തെ പ്രതികൂട്ടില്‍നിര്‍ത്തുന്ന പ്രസ്താവനകളുമായി മുഈനലി തങ്ങള്‍ ലീഗിന് തലവേദന സൃഷ്ടിച്ചിരുന്നു. അതേസമയം, വിഷയം അന്വേഷിച്ച് വരികയാണെന്നാണ് ഉന്നത നേതാക്കളുടെ പ്രതികരണം.

Tags: