മുഈനലിയെ 'തങ്ങള്‍' എന്ന് വിളിക്കാനാവില്ലെന്ന് റാഫി പുതിയകടവ്

Update: 2021-08-05 18:15 GMT

കോഴിക്കോട്: പണം വാങ്ങിയിട്ട് പാണക്കാട് തങ്ങളെയും മുസ്‌ലിംലീഗിനെയും മോശമാക്കാനാണ് മുഈനലി ശിഹാബ് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ എത്തിയതെന്ന് ലീഗ് ഹൗസിലെ വാര്‍ത്താസമ്മേളനത്തിനിടെ ഭീഷണി മുഴക്കിയ റാഫി പുതിയകടവ്. മുഈനലി ഈ പരിപാടി തുടങ്ങിയിട്ട് നാലഞ്ച് മാസമായെന്നും റാഫി പറഞ്ഞു. 'അവനെ തങ്ങള്‍ എന്ന് വിളിക്കാനാവില്ല. പത്രസമ്മേളനം നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ട് വന്നതാണ്. ഇവന്‍ അത്രയും മോശക്കാരനാണ്. ഒരുപാട് പെണ്ണ് കേസ് വരെയുണ്ട്. ആ ആളാണ് പാര്‍ട്ടിയെയും തങ്ങളെയും മോശമാക്കാന്‍ വേണ്ടി ഇത്രയും വൃത്തിക്കേട് നടത്തുന്നത്. അതുകൊണ്ടാണ് തങ്ങളെന്ന് വിളിക്കാതെ നീയെന്ന് വിളിച്ചത്'. റാഫി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിനിടെ മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരേ ഭീഷണിമുഴക്കിയ റാഫി അസഭ്യ വര്‍ഷവും നടത്തിയിരുന്നു.

'ചന്ദ്രികയുടെ മീറ്റിംഗ് വിളിച്ചാല്‍ ചന്ദ്രികയുടെ കാര്യം പറഞ്ഞ് പോകുക. അല്ലാതെ കുഞ്ഞാലിക്കുട്ടി അങ്ങനെ മുനീര്‍ അങ്ങനെ ഹൈദരലി തങ്ങള്‍ ഇങ്ങനെയെന്ന് പറയാനല്ല. ഇവന്റെ പേരില്‍ ഒരുപാട് കേസുണ്ട്. അവന്റെ സാമ്പത്തിക ഇടപാടുകള്‍ ഇഡി അന്വേഷിക്കണം. മുസ്‌ലിംലീഗിനെ മൊത്തത്തില്‍ എതിര്‍ക്കുന്ന പരിപാടിയാണ് അവന്‍ കാണിച്ചത്. ഇതിന്റെ മോശം ഹൈദരലി തങ്ങള്‍ക്കാണ്. അത് മനസിലാക്കണം.'' റാഫി പറഞ്ഞു.

ഇന്ന് ലീഗ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിന്റെ ഇടയില്‍ കയറിയാണ് റാഫി പുതിയകടവ് ഭീഷണി മുഴക്കിയത്. പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചതാണ് റാഫിയെ പ്രകോപിതനാക്കിയത്. കുഞ്ഞാലിക്കുട്ടിയെയും പാര്‍ട്ടിയെയും കുറ്റം പറയരുത്. പുറത്തേക്ക് ഇറങ്ങി കളിക്ക് നീയെന്നും റാഫി മൊയിന്‍ അലിയെ ഭീഷണിസ്വരത്തില്‍ വെല്ലുവിളിച്ചു.

ഇന്ത്യാവിഷന്‍ ആക്രമണക്കേസിലെ പ്രതിയാണ് റാഫി പുതിയകടവ്. 2004ല്‍ ടൗണ്‍ സ്‌റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ പ്രതിയായിരുന്നത്. ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ഇന്ത്യാവിഷന് നേരെ ആക്രമണമുണ്ടായത്. മുസ്‌ലിം ലീഗ് പ്രതിഷേധപ്രകടനത്തിനിടെ ഇന്ത്യാവിഷന്‍ ഓഫീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും കല്ലേറുണ്ടായിരുന്നു.

വാര്‍ത്താസമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈനലി ശിഹാബ് തങ്ങള്‍ നടത്തിയത്. 40 വര്‍ഷമായി പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് പികെ കുഞ്ഞാലിക്കുട്ടി നേരിട്ടാണെന്നും ചന്ദ്രികയിലെ ധനകാര്യ മാനേജ്‌മെന്റ് പാളിയിട്ടുണ്ടെന്നും മുഈനലി പറഞ്ഞു. ചന്ദ്രികയിലെ പ്രതിസന്ധിയില്‍ കുഞ്ഞാലിക്കുട്ടി ഇടപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തെ പേടിച്ച് ആരും മിണ്ടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

Tags: