ഫാഷിസം കണ്ണുരുട്ടുമ്പോള്‍ പാര്‍ലമെന്റംഗങ്ങള്‍ ഭയപ്പെടുന്നു: നാസറുദ്ദീന്‍ എളമരം

മതേതര വോട്ട് ഭിന്നിക്കാതിരിക്കാന്‍ മുസ്ലിം സമുദായം വോട്ട് ചെയ്യണമെന്നാണ് മതേതര കക്ഷികള്‍ എന്ന് അവകാശപ്പെടുന്നവര്‍ ആവശ്യപ്പെടുന്നത്. ഇതേ ആളുകള്‍ പാര്‍ലിമെന്റിലെത്തിയപ്പോള്‍ ഹിന്ദുത്വ അജണ്ടയ്ക്ക് കീഴ്‌പ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Update: 2019-09-26 13:35 GMT

കൂത്തുപറമ്പ് (കണ്ണൂര്‍): ഫാഷിസം കണ്ണുരുട്ടുമ്പോള്‍ പാര്‍ലിമെന്റംഗങ്ങള്‍ ഭയപ്പെട്ടു നില്‍ക്കുകയാണെന്നും മുത്തലാഖ്, യുഎപിഎ, പൗരത്വ ബില്ല്, എന്‍ഐഎ ഭേദഗതി, അസം, കശ്മീര്‍ വിഷയങ്ങളില്‍ ഇതാണ് പ്രകടമായതെന്നും പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം. ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക എന്ന പ്രമേയത്തില്‍ രാജ്യവ്യാപകമായി നടത്തുന്ന കാംപയിന്റെ കണ്ണൂര്‍ ജില്ലാ സമാപന ഭാഗമായി കൂത്തുപറമ്പില്‍ സംഘടിപ്പിച്ച ജാഗ്രതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യം തകര്‍ന്നു തരിപ്പണമാവുമ്പോള്‍ ജയ് ശ്രീറാം വിളിക്കാന്‍ പറഞ്ഞ് ന്യൂനപക്ഷങ്ങളെയും ദലിതരേയും തല്ലിക്കൊല്ലുകയാണ്. പൗരത്വം തെളിയ്ക്കാന്‍ നെട്ടോട്ടമോടുകയാണ്. തിരഞ്ഞെടുപ്പ് കാലത്തേക്കാള്‍ ഭീതിയോടെയാണ് കഴിയുന്നത്. പൗരത്വ ബില്ല് അസമിനു പുറത്തേക്ക് വ്യാപിപ്പിക്കുകയാണെങ്കില്‍ അതിനെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ പോപുലര്‍ ഫ്രണ്ട് മുന്നിലുണ്ടാവും. ഭയപ്പെടുത്തലുകള്‍ക്കു മുന്നില്‍ കീഴ്‌പ്പെടാന്‍ പറയുന്നവരുടെ വാതിലില്‍ മുട്ടുമ്പോള്‍ മാത്രമാണ് തിരിച്ചറിവുണ്ടാവുക. സമുദായത്തിനുള്ളില്‍ നിന്നും ഓരം ചേര്‍ന്നും ആരെങ്കിലും ഹിന്ദുത്വ ഭയപ്പെടുത്തലുകള്‍ക്ക് കീഴ്‌പ്പെടാന്‍ പറയുന്നുണ്ടെങ്കില്‍ അവരുടെ കാപട്യവും തുറന്നു കാട്ടുക എന്നത് പൗരന്‍മാരുടെ കടമയാണ്.

കശ്മീര്‍ ബില്ല് നടപ്പാക്കുന്നതിനു മുമ്പ് യുഎപിഎ ഭേദഗതി ബില്ല് എന്ന സെല്ലോ ടേപ്പ് ഒട്ടിച്ചാണ് ഭയപ്പെടുത്തിയത്. മുന്‍ മുഖ്യമന്ത്രിമാരെയും രാഷ്ട്രീയക്കാരെയും പൗരന്‍മാരെയും അറസ്റ്റ് ചെയ്തു. 50 ദിവസം പിന്നിട്ടിട്ടും ഒരു വാര്‍ത്തകളും പുറത്തു വരുന്നില്ല. കശ്മീരിനു സമാനമായ അധികാരം മിസോറാമിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുമുണ്ട്. എന്നാല്‍ അവിടെയൊന്നും നടപ്പാക്കാതെ മുസ്‌ലിംകളെ ലക്ഷ്യമിട്ട്, അവര്‍ എപ്പോഴും അരക്ഷിതാവസ്ഥയില്‍ കഴിയണമെന്ന് കരുതിയാണ് നടപ്പാക്കുന്നത്. അസമില്‍ പൗരത്വ പട്ടിക നടപ്പാക്കിയപ്പോള്‍ ആര്‍എസ്എസിനു അബദ്ധം പറ്റി. പോപുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ മുസ്ലിം സമുദായംഗങ്ങളുടെ രേഖകള്‍ ശരിയാക്കിയപ്പോള്‍ ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ക്കടക്കം നാട് വിടേണ്ട ഗതികേടിലായി. ഇവിടെ ഒരാളും, ഒരു സമുദായം മാത്രം നാടുവിടേണ്ടി വരില്ല.


രാജ്യത്തെ അരക്ഷിതാവസ്ഥയില്‍ നിന്ന് രക്ഷപ്പെടണമെന്ന് എല്ലാവരും ആഗ്രഹിച്ചു. മുസ്ലിം സമുദായത്തിന്റെ വേദികളിലെല്ലാം പ്രാര്‍ഥനകളുയര്‍ന്നു. എന്നാല്‍ പ്രവര്‍ത്തനമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിക്ക് വോട്ട് എന്നായിരുന്നു രാഹുല്‍ ഗാന്ധിക്കു വേണ്ടി വോട്ട് ചോദിച്ചത്. കേരളത്തോട് സ്‌നേഹം കൊണ്ടല്ല രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വന്നത്. അമേത്തിയില്‍ തോല്‍ക്കുമെന്ന് അറിഞ്ഞത് കൊണ്ടാണ്. ഏതു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കാണ് ആര്‍എസ്എസ് അധികാരത്തില്‍ വരരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചത്. രാഹുല്‍ ഗാന്ധി നാടൊന്നാകെ ഓടുമ്പോള്‍ കൂടെ ഓടാന്‍ പോയിട്ട് നടക്കാന്‍ പോലും ആളുണ്ടായിരുന്നില്ല. ചെറുകക്ഷികളാവട്ടെ തിരഞ്ഞെടുപ്പിന്റെ തലേന്ന് നേതാക്കള്‍ ഒത്തുകൂടി കൈപൊക്കിയാല്‍ ഇന്ത്യയെ ഗ്രസിച്ച അപകടം ഇല്ലാതാക്കാന്‍ കഴിയുമെന്ന് വിചാരിച്ചു. തീവ്രഹിന്ദുത്വ അജണ്ടയ്‌ക്കെതിരേ മൃദു ഹിന്ദുത്വം പയറ്റുകയായിരുന്നു. മതേതര വോട്ട് ഭിന്നിക്കാതിരിക്കാന്‍ മുസ്ലിം സമുദായം വോട്ട് ചെയ്യണമെന്നാണ് മതേതര കക്ഷികള്‍ എന്ന് അവകാശപ്പെടുന്നവര്‍ ആവശ്യപ്പെടുന്നത്. ഇതേ ആളുകള്‍ പാര്‍ലിമെന്റിലെത്തിയപ്പോള്‍ ഹിന്ദുത്വ അജണ്ടയ്ക്ക് കീഴ്‌പ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജില്ലാ പ്രസിഡന്റ് വി കെ നൗഫല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി എം നസീര്‍ വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറി എന്‍ പി ഷക്കീല്‍, കൂത്തുപറമ്പ് ഡിവിഷന്‍ പ്രസിഡന്റ് ശംസീര്‍ സംസാരിച്ചു.

വൈകീട്ട് അഞ്ചിന് ആരംഭിച്ച റാലി ടൗണ്‍ സ്‌ക്വയറിലെ പൊതുസമ്മേളന നഗരിയില്‍ സംഗമിച്ചു. റാലിക്ക് ജില്ലാ പ്രസിഡന്റ് വി കെ നൗഫല്‍, സെക്രട്ടറിമാരായ എന്‍ പി ഷക്കീല്‍, സി എം നസീര്‍, ഡിവിഷന്‍ ഭാരവാഹികളായ കെ ശംസീര്‍, സഹീര്‍ കൂത്തുപറമ്പ്, റസാഖ് കുറ്റിക്കര, സി പി നൗഫല്‍ നേതൃത്വം നല്‍കി. പൗരത്വ നിഷേധത്തിന്റെ പേരിലും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടത്തിയും ന്യൂനപക്ഷ സമൂഹത്തെ ഭയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്താനാണ് ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ഭരണകൂടവും ആര്‍എസ്എസും ശ്രമിക്കുന്നത്. ഇത്തരം ഭയപ്പെടുത്തലുകള്‍ക്കെതിരേ ജാഗ്രതയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതാണ് കാംപയിന്‍ കൊണ്ട് പോപുലര്‍ ഫ്രണ്ട് ലക്ഷ്യമിടുന്നത്.

Tags:    

Similar News