അനധികൃത കുടിയേറ്റം; അമേരിക്കയില്‍ പിടിയിലായത് 8447 ഇന്ത്യക്കാര്‍

ട്രംപ് അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചതോടെയാണ് അറസ്റ്റിലാകുന്ന അഭയാര്‍ഥികളുടെ എണ്ണം വര്‍ധിച്ചത്.

Update: 2020-03-04 19:06 GMT

വാഷിംഗ്ടണ്‍: മെക്‌സിക്കൊ അതിര്‍ത്തിയിലൂടെ അമേരിക്കയിലേക്ക് അഭയാര്‍ഥികളായി പ്രവേശിക്കാന്‍ ശ്രമിച്ചു കഴിഞ്ഞ വര്‍ഷം പിടിയിലായത് 8447 ഇന്ത്യക്കാര്‍. 2018 ഒക്ടോബര്‍ ഒന്നു മുതല്‍ 2019 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകളാണിത്. ട്രംപ് അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചതോടെയാണ് അറസ്റ്റിലാകുന്ന അഭയാര്‍ഥികളുടെ എണ്ണം വര്‍ധിച്ചത്.

ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) അധികൃതര്‍ അറസ്റ്റ് ചെയ്തവരെ രാജ്യത്തെ വിവിധ ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ അടച്ചതായി നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ അറിയിച്ചു. അറസ്റ്റിലായവരില്‍ 422 സ്ത്രീകളും ഉള്‍പ്പെടുന്നു.

മെക്‌സിക്കൊ, അരിസോണ, ടെക്‌സസ് അതിര്‍ത്തിയിലൂടെയാണ് അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ അമേരിക്കയിലേക്കു കടക്കാന്‍ ശ്രമിക്കുന്നത്. പിടിയിലായ ഇന്ത്യക്കാരില്‍ 76 സ്ത്രീകള്‍ ഉള്‍പ്പെടെ 1612 പേരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതായും രേഖകളില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ നാട്ടിലേക്കു തിരിച്ചു കയറ്റിവിടുന്നവരുടെ എണ്ണത്തിലെ ഏറ്റവും ഉയന്ന നിരക്കാണിത്. 2018ല്‍ 9459 പേരാണ് അറസ്റ്റിലായത്. ഒബാമയുടെ കാലത്ത് (2016) 4088 പേരാണ് ഐസിഇ കസ്റ്റഡിയിലായത്.

Tags:    

Similar News