ഹരിയാന കലാപം, ഇരട്ടക്കൊല: മുഖ്യ ആസൂത്രകന്‍ മോനു മനേസര്‍ അറസ്റ്റില്‍

Update: 2023-09-12 12:52 GMT

ന്യൂഡല്‍ഹി: ഹരിയാനയിലെ നൂഹ് ജില്ലയിലുണ്ടായ മുസ് ലിം വിരുദ്ധ കലാപത്തിലെയും പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ് ലിം യുവാക്കളെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്ന കേസിലെയും മുഖ്യ ആസൂത്രകനെ പോലിസ് അറസ്റ്റ് ചെയ്തു. പശു സംരക്ഷകനെന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്ന ബജ്‌റങ്ദള്‍ പ്രവര്‍ത്തകന്‍ മോനു മനേസറിനെയാണ് ചൊവ്വാഴ്ച പോലിസ് കസ്റ്റഡിയിലെടുത്തത്. ഈയിടെ നുഹില്‍ നടന്ന ആക്രമണങ്ങളിലും ജുനൈദ്-നാസിര്‍ എന്നിവരെ ചുട്ടുകൊന്ന കേസിലും പ്രതിയാണ് മോനു മനേസര്‍. ഇക്കഴിഞ്ഞ ഫെബ്രുവരി 16നാണ് ഹരിയാനയിലെ ഭിവാനിയില്‍ പശുക്കടത്ത് ആരോപിച്ച് ജുനൈദ്, നാസിര്‍ എന്നിവരെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്നത്,

ഗുരുഗ്രാം നിവാസിയായ മോഹിത് യാദവ് എന്ന മോനു മനേസറാണ് കേസിലെ പ്രധാന പ്രതികളിലൊരാള്‍. ബജ്‌റംഗ്ദള്‍ അംഗമായ മോനു മനേസറിനെതിരെ ഫെബ്രുവരിയില്‍ രാജസ്ഥാന്‍ പോലിസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നെങ്കിലും പിടികൂടിയിരുന്നില്ല. കേസില്‍ മേയില്‍ രാജസ്ഥാന്‍ പോലിസ് നല്‍കിയ കുറ്റപത്രത്തിലും ഇയാളുടെ പേരുണ്ടായിരുന്നു. ഹരിയാന പോലിസ് കസ്റ്റഡിയിലെടുത്ത മോനു മനേസറിനെ രാജസ്ഥാന്‍ പോലിസിന് കൈമാറുമെന്നാണ് വിവരം. ഉദ്യോഗസ്ഥര്‍ അവരുമായി ബന്ധപ്പെട്ടുവരികയാണെന്നും അവരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഞങ്ങളുടെ ജില്ലാ പോലിസ് നടപടികള്‍ തുടങ്ങുമെന്നും ഭരത്പൂര്‍ എസ്പി മൃദുല്‍ കചവ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ഹരിയാനയിലെ നുഹില്‍ വിഎച്ച്പി നടത്തിയ റാലിക്കിടെയുണ്ടായ ആക്രമണത്തില്‍ മോനു മനേസറിന് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇരട്ടക്കൊലക്കേസ് പ്രതിയായ മോനു മനേസര്‍ റാലിയില്‍ പങ്കെടുക്കുന്നുവെന്ന സോഷ്യല്‍ മീഡിയാ പോസ്റ്റാണ് സംഘര്‍ഷത്തിന് വഴിവച്ചിരുന്നത്. ഹരിയാന പോലിസിന്റെ പശുസംരക്ഷണ സേനയിലെ അംഗമായ മോനു മനേസറിനെതിരേ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. ഉന്നത പോലിസ് ഉദ്യോഗസ്ഥരായും ബിജെപി നേതാക്കളുമായും അടുത്ത ബന്ധമുള്ള മോനു മനേസര്‍, പശുക്കടത്ത് ആരോപിച്ച് കന്നുകാലി വില്‍പ്പനക്കാരുടെ വാഹനം തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയും ഇവയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട്. ജുനൈദ്, നസീര്‍ ഇരട്ടക്കൊലയില്‍ മോനു മനേസറിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ സമരം നടത്തിയിരുന്നു.


Tags:    

Similar News