ഡല്‍ഹിയില്‍ കനത്ത മഴ; റോഡുകള്‍ വെള്ളത്തില്‍, വിമാന സര്‍വീസുകള്‍ താറുമാറായി

വ്യാഴാഴ്ച വൈകീട്ടോടെയാണ് നഗരത്തില്‍ കനത്ത മഴ പെയ്തത്. വിമാനത്താവളത്തില്‍ വെള്ളം കയറിയതിനാല്‍ നാല് വിമാനങ്ങളാണ് തിരിച്ചുവിട്ടത്. അരമണിക്കൂറോളം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.

Update: 2019-10-03 16:09 GMT

ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയിലെ പ്രധാന റോഡുകള്‍ വെള്ളത്തിലായി. ഇന്ദിരാഗാന്ധി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ താറുമാറായി. വ്യാഴാഴ്ച വൈകീട്ടോടെയാണ് നഗരത്തില്‍ കനത്ത മഴ പെയ്തത്. വിമാനത്താവളത്തില്‍ വെള്ളം കയറിയതിനാല്‍ നാല് വിമാനങ്ങളാണ് തിരിച്ചുവിട്ടത്. അരമണിക്കൂറോളം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. വിമാന സര്‍വീസുകള്‍ താളംതെറ്റിയതിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതിന്റെയും വിമാനത്താവളം വെള്ളത്തിലായതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അടുത്ത രണ്ടുമണിക്കൂറിനുള്ളില്‍ ഡല്‍ഹിയിലെ ചില ഭാഗങ്ങളില്‍ ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.


 ചാര്‍ക്കി ദാദ്രി, കോസ്ലി, റെവാരി, ബാവല്‍, ഭിവടി, മനേസര്‍, ഗുരുഗ്രാം, സോഹ്ന, ബല്ലഭ്ഗഡ്, ഫരീദാബാദ്, നോയിഡ, ഭിവാനി, ജിന്ദ്, റോഹ്തക്, സോണിപട്ട് തുടങ്ങിയ പ്രദേശങ്ങളിലും മഴയുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ വിമാനക്കമ്പനികള്‍ യാത്രക്കാരോട് നേരത്തെ വിമാനത്താവളത്തിലേക്ക് പോവണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. അതിനിടെ, കനത്ത മഴയെത്തുടര്‍ന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കേണ്ട വിമാനവും വഴിതിരിച്ചു വിട്ടു. ഷാര്‍ജയില്‍നിന്നും കൊച്ചിയിലേക്ക് വന്ന എയര്‍ അറേബ്യ വിമാനമാണ് കനത്ത മഴയെ തുടര്‍ന്ന് കോയമ്പത്തൂര്‍ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടത്. വൈകീട്ട് ആറേകാലിന് കൊച്ചിയില്‍ ഇറങ്ങേണ്ടതായിരുന്നു വിമാനം. 

Tags:    

Similar News