കള്ളപ്പണക്കേസ്;ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രിംകോടതിയിലേക്ക്

ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി

Update: 2022-04-09 06:13 GMT

ന്യൂഡല്‍ഹി: ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രിംകോടതിയെ സമീപിച്ചു.ജാമ്യം ലഭിച്ച് അഞ്ച് മാസങ്ങള്‍ക്കിപ്പുറമാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി.കേസില്‍ ഒരു വര്‍ഷവും രണ്ട് ദിവസവും നീണ്ട ജയില്‍വാസത്തിന് ശേഷമാണ് ബിനീഷ് കോടിയേരി പുറത്തിറങ്ങിയത്.

ലഹരിയിടപാടില്‍ ബിനീഷിന്റെ നേരിട്ടുള്ള പങ്ക് തെളിയിക്കാന്‍ ഇഡിക്ക് കഴിഞ്ഞിട്ടില്ലെന്ന് ബിനീഷിന്റെ അഭിഭാഷകര്‍ കര്‍ണാടക ഹൈക്കോടതിയില്‍ വാദിച്ചു. പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇഡി ജാമ്യാപേക്ഷയെ എതിര്‍ത്തു.ലഹരിക്കടത്ത് കേസ് പ്രതി കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് ബിനീഷിന്റെ ബിനാമിയാണെന്നാണ് ഇഡി കണ്ടോത്തിയിരുന്നത്.ബിനീഷ് അനൂപിനെ മറയാക്കി നടത്തിയ മയക്കുമരുന്ന് ഇടപാടുകളിലൂടെ സമ്പാദിച്ച വന്‍തുക നിരവധി ബിസിനസുകളില്‍ നിക്ഷേപിച്ച് വെളുപ്പിച്ചെടുത്തെന്നാണ് ഇഡിയുടെ കുറ്റപത്രത്തിലുണ്ടായിരുന്നത്.എന്നാല്‍ നേരിട്ടുള്ള തെളിവ് ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഹൈക്കോടതി ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്.എപ്പോള്‍ വിളിപ്പിച്ചാലും കോടതിയില്‍ ഹാജരാകണം, രാജ്യം വിട്ടുപോകരുത് തുടങ്ങിയ കടുത്ത ഉപാധികളോടെയായിരുന്നു ബിനീഷിന് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്.

2020 നവംബര്‍ 11 നാണ് രണ്ടാം വട്ട ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരിയെ ബംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ഇഡി നാടകീയമായി അറസ്റ്റ് ചെയ്യുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മകനായത് കൊണ്ട് വേട്ടയാടുകയാണെന്നും ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നുമായിരുന്നു ബിനീഷിന്റെ വാദം.കോടിയേരിയോട് ശത്രുതയുള്ളവരുടെ ഗൂഡാലോചയാണ് പിന്നില്‍. അക്കൗണ്ടിലെത്തിയത് നേരായ കച്ചവടത്തിലെ ലാഭം മാത്രമാണ്. ലാഭവിഹിതത്തിലെ ആദായ നികുതി കൃത്യമായി അടച്ചതാണ്. ഇഡിക്ക് ഇത് ബോധ്യപ്പെടാത്തത് രാഷ്ട്രീയ സമ്മര്‍ദ്ദം കാരണമെന്നും ബിനിഷ് കോടതിക്ക് മുന്നില്‍ പറഞ്ഞിരുന്നു.

സാമ്പത്തിക സ്രോതസ് സംബന്ധിച്ച ബിനീഷിന്റെ വിശദീകരണം പൂര്‍ണമല്ല എന്ന കാര്യങ്ങളടക്കം ചൂണ്ടികാട്ടിയാണ് ഇഡി സുപ്രിംകോടതിയെ സമീപിച്ചത്. ഇഡി ഡെപ്യൂട്ടി ഡയറക്ടറാണ് ഹരജി നല്‍കിയത്.

Tags:    

Similar News