'മകള്‍ സ്‌കൂളില്‍ പോകുന്നത് നിര്‍ത്തി; ജിം അടച്ചിടേണ്ടി വന്നു'; ജീവിതം പൂര്‍ണ്ണമായും മാറിമറിഞ്ഞെന്ന് 'മുഹമ്മദ് ദീപക്'
ന്യൂഡല്‍ഹി: ബജ്‌റംഗ്ദള്‍ ആക്രമണത്തില്‍ നിന്ന് ഒരു വയോധികനെ സംരക്ഷിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ തന്റെ ജീവിതം പൂര്‍ണമായും മാറിയെന്ന് ദീപക് കുമാര്‍. താനും കുടുംബവും ഭയത്തോടെ ജീവിക്കാന്‍ നിര്‍ബന്ധിതരായി. വീട്ടിലെ അന്തരീക്ഷം ആകെ മാറിമറിഞ്ഞു. കുട്ടികള്‍ ഉള്‍പ്പടെ ഭയത്തോടെ കഴിയേണ്ട അവസ്ഥ. കൊച്ചു മകള്‍ സ്‌കൂളില്‍ പോകുന്നത് നിര്‍ത്തി. ഏതെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമെന്ന് കുടുംബം എപ്പോഴും ഭയപ്പെടുന്നു. തന്റെ പ്രധാന ഉപജീവനമാര്‍ഗ്ഗമായ ജിം ജനുവരി 26 മുതല്‍ അടച്ചിട്ടിരിക്കുകയാണെന്ന് ദീപക് പറയുന്നു. സാമ്പത്തികവും മാനസികവുമായ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും, ചൊവ്വാഴ്ച അദ്ദേഹം ധൈര്യത്തോടെ ജിം വീണ്ടും തുറന്നു. ഭയത്തിന് മുന്നില്‍ തലകുനിക്കുന്നത് ഒരു പരിഹാരമല്ലെന്നും അതിനാല്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ശ്രമിക്കുകയാണെന്നും ദീപക് പറയുന്നു.
കഴിഞ്ഞ ജനുവരി 26ന് ഉത്തരാഖണ്ഡിലെ കോട്ദ്വാറില്‍ ഒരു മുസ് ലിം വയോധികന്റെ കടയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബജ്‌റംഗ്ദള്‍ സംഘം തുടങ്ങിവച്ച സംഘര്‍ഷമാണ് രാജ്യത്താകമാനം ചര്‍ച്ചയാകുന്ന തരത്തിലേക്ക് വളര്‍ന്നത്. കഴിഞ്ഞ 30 വര്‍ഷമായി യാതൊരു പ്രശ്‌നങ്ങളുമില്ലാതെ 'ബാബ' എന്ന പേരില്‍ നടത്തിയിരുന്ന കടയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബജ്‌റംഗ്ദള്‍ സംഘം എത്തിയത്. വയോധികനെ ഭീഷണിപ്പെടുത്തുകയും പേരും ബോര്‍ഡും ഉടന്‍ മാറ്റണമെന്നും സംഘം ആക്രോഷിച്ചു.
ഹിന്ദുത്വ അക്രമികളുടെ ഭീഷണിയില്‍ നിന്ന് മുസ് ലിം വ്യാപാരിയെ രക്ഷിച്ച ദീപക് വര്‍ഷങ്ങള്‍ പഴക്കമുള്ള കടയുടെ പേര് മാറ്റില്ലെന്നും അക്രമികളെ അറിയിച്ചു. ദീപക്കിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ബജ്‌റംഗ്ദള്‍ സംഘത്തിന് മടങ്ങേണ്ടി വന്നു. എന്നാല്‍, തൊട്ടടുത്ത ദിവസം വിവിധ പ്രദേശങ്ങളില്‍ നിന്ന് സംഘടിച്ചെത്തിയ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ദീപക്കെതിരേ കൊലവിളി നടത്തി. ദീപക്കിനെ കൊല്ലുമെന്ന് ആക്രോഷിച്ച് ബജ്‌റംഗംദള്‍ പ്രവര്‍ത്തകന്‍ എത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
താന്‍ ഒരു രാഷ്ട്രീയ പോരാട്ടമോ മതപരമായ ഏറ്റുമുട്ടലോ സൃഷ്ടിച്ചിട്ടില്ലെന്നും, ഒരു സാധാരണ പൗരനായി ഒരു വൃദ്ധനെ സംരക്ഷിക്കാന്‍ മുന്നോട്ട് വന്നതാണെന്നും ദീപക് പറയുന്നു. ഈ സമയത്ത്, അയാള്‍ സ്വയം 'മുഹമ്മദ് ദീപക്' എന്ന് വിശേഷിപ്പിച്ചു. ഇത് പിന്നീട് രാജ്യത്തെ ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പടെ ദീപക്കിന് ഐക്യദാര്‍ഢ്യവുമായി എത്തി.
ജനുവരി 31 ന് ബജ്റംഗ് ദള്‍ സഘം കോട്ദ്വാറില്‍ എത്തി ദീപക്കിനെതിരെ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയതോടെ സ്ഥിതി കൂടുതല്‍ വഷളായി. പോലീസിന്റെ മുന്നില്‍ വെച്ച് ഒരു യുവാവ് ദീപക്കിനെ കൊല്ലാന്‍ ഓടിയെത്തുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പോലീസ് അയാളെ തടഞ്ഞതോടെയാമ് ആക്രമണം ഒഴിവായത്.
കഴിഞ്ഞ 35 വര്‍ഷമായി യാതൊരു തര്‍ക്കവുമില്ലാതെ നിലനിന്ന 'ബാബ' എന്ന പേര് മാറ്റണമെന്ന ആവശ്യം എന്തിനാണ് ഉയര്‍ത്തിക്കൊണ്ട് വന്നതെന്നും ദീപക് ചോദിക്കുന്നു. ഏതെങ്കിലും സമൂഹത്തിന്റെയോ വ്യക്തിയുടെയോ വികാരങ്ങള്‍ ആ പേരില്‍ വ്രണപ്പെടുന്നില്ല എന്ന് അദ്ദേഹം പറയുന്നു. ഇത്രയും വര്‍ഷങ്ങളായി ആര്‍ക്കും എതിര്‍പ്പില്ലെങ്കില്‍, ഇപ്പോള്‍ എന്തിനാണ് അത് ഒരു പ്രശ്‌നമാക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.
താന്‍ വളരെക്കാലമായി കോട്വാറില്‍ താമസിക്കുന്നുണ്ടെന്നും സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ടെന്നും ദീപക് പറയുന്നു. ആവശ്യക്കാരെ സഹായിക്കുകയും അനീതിക്കെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ ശീലമാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തുനിന്നുള്ള ആളുകള്‍ നഗരത്തിലെത്തി അന്തരീക്ഷം നശിപ്പിക്കുന്ന സാഹചര്യമാണുള്ളത്. ഇത് കോട്ദ്വാറിന്റെ സമാധാനത്തെയും പരസ്പര ഐക്യത്തെയും ബാധിക്കുന്നു.
എതിര്‍പ്പും സമ്മര്‍ദ്ദവും കാരണം തന്റെ കുടുംബത്തില്‍ ഭയത്തിന്റെ അന്തരീക്ഷമുണ്ടെന്നും എന്നാല്‍ മനുഷ്യത്വത്തിന്റെയും സത്യത്തിന്റെയും പാതയില്‍ നിന്ന് താന്‍ എന്ത് വിലകൊടുത്തും പിന്നോട്ട് പോകില്ലെന്നും ദീപക് പറയുന്നു. സാധാരണ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അങ്ങനെ ആരും ഭയത്തിന്റെ നിഴലില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാകരുതെന്നും ദീപക് ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

