റഫാലില്‍ പുതിയ വെളിപ്പെടുത്തല്‍; വിമാനവില കൂടാന്‍ ഇടയാക്കിയത് മോദിയുടെ 'ഇടപെടല്‍'

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ നേരിട്ടെത്തി വിമാനങ്ങള്‍ 36 ആയി കുറച്ചതോടെയാണ് വിമാനവിലയില്‍ 41.42 ശതമാനം വര്‍ധനയുണ്ടാക്കിയതെന്നാണ് റിപോര്‍ട്ട്.

Update: 2019-01-18 18:36 GMT
ന്യൂഡല്‍ഹി: നിശ്ചയിച്ചതിനേക്കാള്‍ എണ്ണത്തില്‍ കുറവ് വരുത്തിയതിനാലാണ് റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കു വില കൂടിയതെന്നു വെളിപ്പെടുത്തല്‍. 126 വിമാനങ്ങളായിരുന്നു യുപിഎ സര്‍ക്കാര്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ നേരിട്ടെത്തി വിമാനങ്ങള്‍ 36 ആയി കുറച്ചതോടെയാണ് വിമാനവിലയില്‍ 41.42 ശതമാനം വര്‍ധനയുണ്ടാക്കിയതെന്നാണ് റിപോര്‍ട്ട്. ദ ഹിന്ദുവാണ് കണക്കുകള്‍ സഹിതം ഇക്കാര്യം വിശദീകരിക്കുന്നത്.

ഇന്ത്യയ്ക്ക് യോജിച്ച രീതിയില്‍ ആവശ്യമായ മാറ്റം വരുത്തി 13 വിമാനങ്ങള്‍ നല്‍കണമെന്നതും മോദിയുടെ കരാറിലുണ്ടായിരുന്നു. ഇതാണ് വില കൂടാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. കടുത്ത സമ്മര്‍ദ്ദമുയര്‍ന്നിട്ടും റഫാല്‍ വിമാനങ്ങളുടെ വില എന്‍ഡിഎ സര്‍ക്കാര്‍ പരസ്യമാക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.വിമാനവില പുറത്തുവിടുന്നതില്‍ നിയന്ത്രണമില്ലെന്നു ഫ്രാന്‍സ് വ്യക്തമാക്കുമ്പോഴും ഫ്രാന്‍സുമായുള്ള കരാറിലെ വ്യവസ്ഥകളനുസരിച്ചാണു വില ഉള്‍പ്പെടെയുള്ള സുപ്രധാന വിവരങ്ങള്‍ പുറത്തുവിടാത്തതെന്നാണു സര്‍ക്കാര്‍ വാദം. 126 വിമാനങ്ങളില്‍ 18 എണ്ണം പൂര്‍ണസജ്ജമായ നിലയിലും ബാക്കി 108 എണ്ണം ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ (എച്ച്എഎല്‍) നിര്‍മിക്കാനുമായിരുന്നു മുന്‍ ധാരണ.

2007ല്‍ യുപിഎ ഭരണകാലത്ത് ഒരു വിമാനത്തിന്റെ വില 79.3 ദശലക്ഷം യൂറോ ആയിരുന്നു. 2011ല്‍ വില 100.85 ദശലക്ഷം യൂറോയിലേക്ക് ഉയര്‍ന്നു. 2016ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മുന്‍വിലയില്‍ ഒന്‍പതു ശതമാനം ഇളവ് നല്‍കാമെന്നു ഫ്രാന്‍സ് അറിയിച്ചു. ഇതനുസരിച്ച് വിമാനമൊന്നിന്റെ വില 91.75 ദശലക്ഷം യൂറോ. അതേസമയം, 13 'ഇന്ത്യന്‍ വിമാന'ങ്ങളുടേതടക്കം രൂപകല്‍പനയ്ക്കും നിര്‍മാണത്തിനുമായി 1.4 ബില്യന്‍ യൂറോ നല്‍കണമെന്നു വിമാന നിര്‍മാണ കമ്പനിയായ ഡാസോ അറിയിച്ചു. വിലപേശലില്‍ ഈ തുക 1.3 ബില്യന്‍ യൂറോയായി കുറഞ്ഞു.

Tags:    

Similar News