മോദി അഞ്ചുവര്‍ഷത്തിനിടെ വാരണാസിയില്‍ അഞ്ചുമിനുട്ട് ചെലവഴിച്ചിട്ടില്ല: പ്രിയങ്ക ഗാന്ധി

ബിജെപി ഭരണഘടനയെ ബഹുമാനിക്കുകയല്ല നശിപ്പിക്കാനാണ് ശ്രമിക്കുന്നത്‌

Update: 2019-04-14 15:53 GMT
മോദി അഞ്ചുവര്‍ഷത്തിനിടെ വാരണാസിയില്‍ അഞ്ചുമിനുട്ട് ചെലവഴിച്ചിട്ടില്ല: പ്രിയങ്ക ഗാന്ധി

സില്‍ചാര്‍: ബിജെപി ഭരണഘടനയെ ബഹുമാനിക്കുകയല്ല നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ സുഷ്മിത ദേവിന്റെ പ്രചാരണാര്‍ഥം സില്‍ചാറില്‍ നടന്ന റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഇന്ന് അംബേദ്കറുടെ ജന്‍മദിനമാണ്. രാജ്യത്തെ ഭരണഘടനയുണ്ടാക്കിയ മഹാപുരുഷനാണ് അംബേദ്കര്‍. ഭരണഘടനയെ ബഹുമാനിക്കുക എന്നത് എല്ലാ നേതാക്കളുടെയും ഉത്തരവാദിത്തമാണ്. എന്നാല്‍ ഇന്ന് ഭരണഘടനയെ ബഹുമാനിക്കുകയല്ല, നശിപ്പിക്കാനാണു ശ്രമം നടക്കുന്നത്. ഭരണഘടനയെ അല്‍പമെങ്കിലും ബഹുമാനിക്കുന്നുണ്ടെങ്കില്‍ മറ്റു മതങ്ങളെയും സംസ്‌കാരങ്ങളെയും കുറിച്ച് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമായിരുന്നു. ലോകം മുഴുവന്‍ സഞ്ചരിക്കുന്ന മോദി അഞ്ചുവര്‍ഷത്തിനിടെ സ്വന്തം മണ്ഡലമായ വാരണാസിയില്‍ അഞ്ചുമിനുട്ട് ചെലവഴിച്ചിട്ടില്ല. അദ്ദേഹം അമേരിക്കയില്‍ പോയി കെട്ടിപ്പിടിക്കും. ചൈനയില്‍ പോയി കെട്ടിപ്പിടിക്കും. റഷ്യയിലും ആഫ്രിക്കയിലും പോവും. ജപ്പാനില്‍ പോയി ഡ്രം വായിക്കും. പക്ഷേ, വാരണാസിയില്‍ അഞ്ചു മിനുട്ട് പോലും ചെലവഴിക്കില്ലെന്നും അവര്‍ പറഞ്ഞു.



Tags: